തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും ഇടിമിന്നലോടുകൂടിയ മഴ വ്യാഴാഴ്ചവരെ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. നവംബര്‍ മൂന്നുവരെ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിരിക്കുകയാണ്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ പെയ്യാനാണ് സാധ്യത. ജാഗ്രത ശക്തമാക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.