ജലപാതയ്‌ക്ക്‌ സ്ഥലം ഏറ്റെടുക്കും: മുഖ്യമന്ത്രി

0
57

കണ്ണൂർ
കോവളം–-ബേക്കൽ ജലപാതയിൽ സ്വാഭാവിക പാതയില്ലാത്ത ഭാഗത്ത്‌ ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ ചില ഭാഗങ്ങളിലാണ്‌ സ്വാഭാവിക പാതയില്ലാത്തത്‌. ജലപാത പൂർത്തിയാക്കൽ സർക്കാർ അതീവ പ്രാധാന്യത്തോടെ കാണുന്നു. ഏറ്റെടുക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നത്തെക്കുറിച്ച്‌ പൂർണബോധ്യമുണ്ട്‌. പരാതിക്കിടവരാതെ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും.  മുഴപ്പിലങ്ങാട്ട്‌ കെടിഡിസി പഞ്ചനക്ഷത്ര ഹോട്ടലിന്‌ കല്ലിടുകയായിരുന്നു മുഖ്യമന്ത്രി.
ജലപാത പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ഓരോ 50 കിലോമീറ്റർ ഇടവിട്ട്‌ ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളുണ്ടാകും. ഇത്‌ വികസന സാധ്യതകൾ സൃഷ്‌ടിക്കുന്നതാണ്‌.

600 കിലോമീറ്റർ നീളത്തിൽ ജലപാതയിലൂടെ സഞ്ചരിക്കാൻ കഴിയുക എന്നത്‌ അത്ഭുതമായി മാറും.  ഇതും നവകേരള സൃഷ്ടിയുടെ ഭാഗമാണ്‌. *  വികസന രംഗത്ത്‌ ടൂറിസം മേഖലയ്‌ക്കും നിർണായക പങ്കാണുള്ളത്‌. നിപാ, മഹാപ്രളയം, കോവിഡ്‌ എന്നിവയിൽ തളർന്ന ടൂറിസത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ്‌. അതിന്റെ മാറ്റം അനുഭവപ്പെടാൻ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.