നെതർലൻഡ്‌സ്‌ “റൂം ഫോർ റിവർ”നടപ്പാക്കിയത് പത്ത് വർഷം കൊണ്ട്, മോഡൽ കേരളത്തിൽ പുരോഗമിക്കുന്നുണ്ട്, വേണം കരുതൽ

0
119

ദുരിതസമയത്ത് മനുഷ്യർ മരിച്ചു വീഴുന്നത് കണ്ടു ചിരിക്കുന്നവരും, വെള്ളത്തിൽ മുങ്ങുന്ന നാടിന്റെ ചിത്രമുപയോഗിച്ച് ട്രോൾ ഉണ്ടാക്കുന്നവരും, മനുഷ്യ ജീവന് പുല്ലുവില കൽപ്പിച്ച് പ്രകൃതി ചൂഷണം നടത്തുന്നവരും അതിന് ഒത്താശ ചെയ്യുന്നവരും മുന്നോട്ടു വെക്കുന്ന പ്രതിരോധ നിർദേശങ്ങളല്ല ഈ നാടിന് ആവശ്യം. കൃത്യമായ ലക്ഷ്യത്തോടെയുള്ള അത്തരം അശാസ്ത്രീയ പ്രതികരണങ്ങളോട്, പ്രചാരണങ്ങളോട് സാമൂഹിക അകലം പാലിക്കാനുള്ള പക്വത കേരളീയ സമൂഹത്തിനുണ്ട്.

 

ഗൗതം അമ്രകുഞ്ചം

കേരളത്തിന് സമാനമായ ഭൂപ്രകൃതിയുള്ള നാടാണ് നെതർലാൻഡ്. മഹാപ്രളയത്തിന് ശേഷമുള്ള റീ ബിൽഡ് കേരള പദ്ധതിക്കും പ്രളയ പ്രതിരോധ പ്രവർത്തനത്തിനും കേരളം സ്വീകരിച്ച മാതൃകകളിൽ ഒന്ന് നെതർലണ്ടിന്റേതാണ്. നിലവിൽ അപ്രതീക്ഷിത മഴയിൽ മധ്യകേരളത്തിൽ ദുരിതം പെയ്തതോടെ ചില കോണുകളിൽ നിന്നും വിമർശനം ഉയർന്നതോടെയാണ് നെതർലാൻഡ് മോഡൽ ചർച്ചയാകുന്നത്.

ഒരു വർഷം കൊണ്ടോ അഞ്ചു വർഷം കൊണ്ടോ നടപ്പിലാക്കിയ പദ്ധതിയാണ് റൂം ഫോർ റിവർ പദ്ധതിയെന്ന് നെതർലാൻഡ് സർക്കാർ തന്നെ ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. സമുദ്ര നിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് പ്രധാനമായും ഈ മോഡൽ ഉപയോഗിക്കുന്നത്.

കേരളത്തിന്റെ ആലപ്പുഴ ജില്ലയിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ പ്രതിരോധ സംവിധാനമാണ് അത്. മഹാപ്രളയത്തിൽ ഏറ്റവും കൂടുതൽ ബന്ധിക്കപ്പെട്ട പ്രദേശങ്ങളിൽ സമുദ്ര നിരപ്പിന് താഴെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്നതിനാലാണ് സർക്കാർ റീബിൽഡിങ്ങിന്റെ മോഡലായി നെതർലാൻഡ് മാതൃക സ്വീകരിച്ചത്.

വീട് നിർമാണത്തിലും ജലശ്രോതസുകളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും സംരക്ഷണ ഭിത്തികൾ നിർമിക്കുന്നതിനും, മോട്ടറുകൾ ഉപയോഗിച്ച് വെള്ളം പാമ്പു ചെയ്തു നീക്കുന്നതുമുൾപ്പടെയുള്ള വലിയ സംവിധാനങ്ങൾ നടപ്പാക്കിയാണ് നെതർലാൻഡ് മോഡൽ പ്രളയ പ്രതിരോധം നടപ്പിലാക്കുന്നത്. പദ്ധതിയെക്കുറിച്ച് നെതർലാൻഡ് ഭരണകൂടങ്ങളും, മാധ്യമങ്ങളും നൽകുന്ന വിശദീകരണത്തിന്റെ സംക്ഷിപ്ത രൂപം ഇങ്ങനെ.

സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതിചെയ്യുന്ന ഒരു രാജ്യമായ നെതർലാൻഡ് വെള്ളപ്പൊക്ക പ്രതിരോധം പ്രധാനമായും സാദ്ധ്യമാക്കുന്നത് സമുദ്രതീരത്തെ കരയുമായി വേർതിരിക്കുന്ന ഭിത്തികൾ, ചീർപ്പ്, ഡാമുകൾ എന്നിങ്ങനെ വിവിധങ്ങളായ ഉപാധികൾ മൂലമാണ്.നെതർലന്റിലെ പ്രധാനനദികളായ റൈൻ, മ്യൂസ് എന്നിവയിലൂടെയുള്ള വെള്ളത്തിന്റെ തള്ളിക്കയറ്റം തടഞ്ഞുനിർത്താൻ ഭിത്തികൾ ഉപയോഗിക്കുന്നു. ചതുപ്പ് പ്രദേശങ്ങളിൽ കൃഷിയ്ക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി നിലമൊരുക്കുന്നതിന് ചാലുകൾ, കനാലുകൾ, കാറ്റാടിയന്ത്രം കൊണ്ട് പ്രവർത്തിക്കുന്ന പമ്പ് എന്നിവയാണ് ഉപയോഗിക്കുന്നത്. വെള്ളപ്പൊക്കക്കെടുതികളിൽ നിന്നും ശാശ്വത പരിഹാരം കാണുന്നതിനായി നെതർലന്റ് സർക്കാർ നദീതീരങ്ങളോട് അനുബന്ധിച്ച് പരിസ്ഥിതിക്ക് അനുകൂലമായ റൂം ഫോർ റിവർ എന്ന പേരിൽ ഒരു പദ്ധതി ആരംഭിക്കുകയും 2006 മുതൽ 2015 വരെ നീണ്ടുനിന്ന ഈ പദ്ധതി പ്രകാരം വെള്ളം ഒഴുകി കടലിൽ ചേരുന്നതിന് സുഗമമായ വഴിയൊരുക്കുകയും അതുവഴി വെള്ളപ്പൊക്കത്തിൽ നിന്നും താഴ്ന്ന പ്രദേശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു.

റൂം ഫോർ റിവർ പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ചുള്ള നിരീക്ഷണം ഇങ്ങനെ:

റൂം ഫോർ ദി റിവർ പ്രോജക്റ്റ് സൈറ്റ് നാല് നദികളെ ഉൾക്കൊള്ളുന്നു: റൈൻ, മ്യൂസ്, വാൾ, ഐജെസെൽ. പ്രോജക്ട് ഏരിയ നെതർലാൻഡിലാണ്, എന്നാൽ രൂപശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ ജർമ്മനി, ഫ്രാൻസ്, ബെൽജിയം ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നു, കൂടാതെ കാലാകാലങ്ങളിൽ സ്വിറ്റ്സർലൻഡിലെ റൈൻ ഹെഡ് വാട്ടറുകളിലേക്കും എത്താം.

വെള്ളപ്പൊക്ക സംരക്ഷണം, മാസ്റ്റർ ലാന്റ്സ്കേപ്പിംഗ്, മൊത്തത്തിലുള്ള പാരിസ്ഥിതിക അവസ്ഥ മെച്ചപ്പെടുത്തൽ എന്നിവയുടെ പ്രധാന ലക്ഷ്യങ്ങളുള്ള ഒരു സംയോജിത സ്പേഷ്യൽ പ്ലാൻ ഡിസൈൻ അവതരിപ്പിക്കുന്നു. 2015 -ൽ 2.2 ബില്യൺ യൂറോയുടെ ബഡ്ജറ്റിൽ നാൽപ്പത് പ്രോജക്റ്റുകളുടെ ഒരു അടിസ്ഥാന പാക്കേജിന്റെ പൂർത്തീകരണം പ്രതീക്ഷിക്കുന്നു.

പ്ലാനിലെ നടപടികളിൽ ഇവ ഉൾപ്പെടുന്നു: ഡൈക്കുകൾ സ്ഥാപിക്കുകയും നീക്കുകയും ചെയ്യുക, ഡീപോൾഡിംഗ്, ഫ്ലഡ് ചാനലുകളുടെ ആഴം വർദ്ധിപ്പിക്കുക, ഗ്രോയിനുകളുടെ ഉയരം കുറയ്ക്കുക, തടസ്സങ്ങൾ നീക്കുക, ഒരു ഫ്ലഡ് ബൈപാസായി വർത്തിക്കുന്ന “ഗ്രീൻ റിവർ” നിർമ്മാണം. ഇത് വെള്ളപ്പൊക്കത്തിന്റെ തോത് കുറയ്ക്കും. 2015 ആകുമ്പോഴേക്കും റൈൻ ശാഖകൾ സെക്കൻഡിൽ 16,000 ക്യുബിക് മീറ്റർ ജലത്തിന്റെ ഔട്ലെറ്റ് ശേഷിയെ സുരക്ഷിതമായി നേരിടും; ഇത് കൈവരിക്കുന്നതിന് നടപ്പിലാക്കിയ നടപടികൾ നദീതടത്തിന്റെ പരിസ്ഥിതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തും.

കേരളത്തിലും സമാനമായ മാതൃകയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പുഴകളെയും, തൊടുകളെയും നവീകരിച്ച്, മലിനീകരണത്തിൽ നിന്നും മുക്തമാക്കി ജലമൊഴുക്കിനെ സുഗമമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഫ്ലഡ് ചാനലുകളുടെ നിർമാണവും, നിലവിലുള്ളവ സ്വാഭാവിക ഫ്ലഡ് ചാനലുകളുടെ ആഴം വർധിപ്പിക്കലും പുരോഗമിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ ഇതിന്റെ പ്രവർത്തനങ്ങൾക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. നെതർലാൻഡ് പത്ത് വർഷം കൊണ്ട് ബില്യണുകൾ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. കേരളത്തിന്റെ ജനസാന്ദ്രതയും, വൈവിധ്യമാർന്ന ഭൂപ്രദേശവും ഒപ്പം പദ്ധതി നടത്തിപ്പിനുള്ള മറ്റു തടസ്സങ്ങളും കണക്കിലെടുത്താൽ ഘട്ടം ഘട്ടമായി മാത്രമേ അത്തരത്തിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുകയുള്ളു എന്ന് വ്യക്തം.

സർക്കാർ പദ്ധതി നടത്തിപ്പിനായി കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ജനങ്ങളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും ജാഗ്രതയും പിന്തുണയും പദ്ധതിയുടെ നടത്തിപ്പിനായി ആവശ്യമാണ്. കിണറുകൾ മണ്ണിട്ട് മൂടുന്നതിലുള്ള ജാഗ്രതയിൽ തുടങ്ങി നാട്ടിലെ തോടുകൾ സംരക്ഷിക്കുന്നതും ഓവ് ചാലുകൾ കീറി വെള്ളം ഒഴുക്കുന്നതിന് വഴിയൊരുക്കുന്നതുമുൾപ്പടെയുള്ള വിഷയങ്ങളിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണ്.

ദുരിതസമയത്ത് മനുഷ്യർ മരിച്ചു വീഴുന്നത് കണ്ടു ചിരിക്കുന്നവരും, വെള്ളത്തിൽ മുങ്ങുന്ന നാടിന്റെ ചിത്രമുപയോഗിച്ച് ട്രോൾ ഉണ്ടാക്കുന്നവരും, മനുഷ്യ ജീവന് പുല്ലുവില കൽപ്പിച്ച് പ്രകൃതി ചൂഷണം നടത്തുന്നവരും അതിന് ഒത്താശ ചെയ്യുന്നവരും മുന്നോട്ടു വെക്കുന്ന പ്രതിരോധ നിർദേശങ്ങളല്ല ഈ നാടിന് ആവശ്യം. കൃത്യമായ ലക്ഷ്യത്തോടെയുള്ള അത്തരം അശാസ്ത്രീയ പ്രതികരണങ്ങളോട്, പ്രചാരണങ്ങളോട് സാമൂഹിക അകലം പാലിക്കാനുള്ള പക്വത കേരളീയ സമൂഹത്തിനുണ്ട്.