സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ചിട്ടും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 42 റണ്‍സിന് ജയിച്ചിട്ടും നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്ത്. പ്ലേ ഓഫിലെത്താന്‍ കൂറ്റന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 235 റണ്‍സടിച്ചെങ്കിലും തിരിച്ചടിച്ച ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് കുറിച്ചതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്. ഓപ്പണര്‍ ഇഷാന്‍ കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും വെടിക്കെട്ട് ഇന്നിംഗ്‌സുകളുടെ കരുത്തിലാണ് മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍ നേടാനായത്. ഇഷാന്‍ കിഷന്‍ 32 പന്തില്‍ 84 റണ്‍സടിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് 40 പന്തില്‍ നിന്ന് 82 റണ്‍സടിച്ചെടുത്തു. ഹൈദരാബാദിനെ 171 റണ്‍സിനെങ്കിലും തോല്‍പ്പിച്ചാല്‍ മാത്രമെ കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് നാലാം സ്ഥാനക്കാരായി മുംബൈക്ക് പ്ലേ ഓഫിലെത്താനാവുമായിരുന്നുള്ളു. ഇതോടെ കൊല്‍ക്കത്ത നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി.
അതേസമയം ഐപിഎല്‍ പതിനാലാം സീസണില്‍ പ്ലേ ഓഫിന് മുമ്പുള്ള അവസാന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് അവസാന പന്തില്‍ സിക്‌സറടിച്ച് വിജയത്തിലെത്തി. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ അര്‍ധ സെഞ്ചുറിയും ശ്രീകര്‍ ഭരതിന്റെ വെടിക്കെട്ട് ഫിനിഷിംഗുമാണ് റോയല്‍ ചലഞ്ചേഴ്‌സിനെ പിന്തുണച്ചത്. ജയിച്ചെങ്കിലും ആര്‍സിബി മൂന്നാം സ്ഥാനത്ത് തുടരും.