അക്കൗണ്ട് ഉടമയറിയാതെ പണ കൈമാറ്റം; പരാതിക്കാരന് യൂണിയൻ ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി

0
58

അക്കൗണ്ട് ഉടമയറിയാതെ പണം കൈമാറിയെന്ന പരാതിയിൽ ബാങ്ക് നഷ്ട പരിഹാരം നൽകുവാൻ ഉത്തരവായി. ആലപ്പുഴ ഉപഭോക്‌തൃ കോടതിയുടേതാണ് ഉത്തരവ്. ഹരിപ്പാട്
കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശി പി ദിനുമോന്റെ പരാതിയിലാണ് നടപടി.

പരാതിക്കാരന്റെ പേരിൽ കാർത്തികപ്പള്ളി യൂണിയൻ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നും അനുവാദമില്ലാതെ മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു. ഈ വിവരം അന്വേഷിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് 6 മാസം മുൻപ് ക്ലറിക്കൽ പിശക് മൂലം തെറ്റായി ചേർത്തിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി അധികൃതർ അറിയിക്കുന്നത്.

ഇത് ബാങ്കധികൃതർ ഉപഭോക്താവിനെ അറിയിച്ചിരുന്നില്ല, ആർ.ബി.ഐ യുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടെന്നു മാത്രമല്ല, പരാതിക്കാരനോട് അപമര്യാദയായി പെരുമാറുകയും തങ്ങൾക്ക് അതിനുള്ള അധികാരം ഉണ്ടെന്നറിയിക്കുകയും ചെയ്തു.

തുടർന്നാണ് പരാതിക്കാരൻ ആലപ്പുഴ ഉപഭോക്തൃതർക്കപരിഹാര ഫോറത്തിനെ സമീപിച്ചത്.
പരാതിക്കാരന് നഷ്ടപരിഹാമാരമായി പതിനായിരം രൂപയും കോടതി ചെലവുകൾക്കായി രണ്ടായിരം രൂപയും യൂണിയൻ ബാങ്കും ബ്രാഞ്ച് മാനേജരും നൽകണമെന്നാണ് ഉത്തരവ്. ബാങ്ക് അധികൃതർ കസ്റ്റമറിൻ്റെ താൽപ്പര്യം സംരക്ഷിച്ചില്ലായെന്ന് കോടതി നിരീക്ഷിച്ചു.
പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ബെനോ ഹാജരായി.