ലഖിംപുർ കർഷക കൊലപാതകത്തിൽ പൊലീസ് എഫ്‌ഐആറിൽ മന്ത്രിയുടെ മകന്റെ പേരും. കർഷർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്‌ഐആർ. കർഷകർക്കെതിരെ നടന്ന ആക്രമണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. മകന് സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദം ഇതോടെ പൊളിയുകയാണ്. അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം കർഷർക്ക് നേരെ ഓടിച്ചു. സംഭവത്തിന് ശേഷം ആശിഷ് കരിമ്ബ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു.
ആൾക്കൂട്ടത്തിന് നേരെ ഇയാള് വെടിവച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. ആശിഷ് മിശ്രയെയും പേരറിയാത്ത 15-20 പേരെയും പ്രതി ചേർത്ത് കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, അമിതവേഗം, കലാപമുണ്ടാക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി എഫ്.ഐ.ആർ എടുത്തിട്ടുണ്ട്. അജയ് മിശ്രയുടെ പേര് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം,കേന്ദ്രസഹ മന്ത്രി അജയ് മിശ്ര രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് കർഷ സംഘടനകളുടെ തീരുമാനം.