കൊല്ലത്ത്‌ 103.5 ലിറ്റർ വിദേശ മദ്യവുമായി ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

0
71

ഡ്രൈ ഡേ വിൽപ്പന ലക്ഷ്യമിട്ട് വിൽക്കാൻവെച്ച 100 ലിറ്ററിലേറെ വിദേശമദ്യവുമായി ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ. ആദിച്ചനല്ലൂർ മൈലക്കാട് ചെറ്റഅടിയിൽ വീട്ടിൽ സോജു എന്ന ശ്രീജിത് (43)ആണ് ചാത്തന്നൂർ എക്സൈസിന്റെ പിടിയിലായത്. ഒരു ബാർ പോലെയാണ് ഇയാളുടെ വീട്‌ പ്രവർത്തിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു. വീട്ടിൽ 14 പെട്ടികളിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.

അര ലിറ്ററിന്റെ 207 കുപ്പികളിലായി ആകെ 103.5 ലിറ്റർ മദ്യമാണ് പിടികൂടിയത്. രണ്ടു ലക്ഷം രൂപ വിപണിവിലയുണ്ട്. വിവിധ വിദേശ മദ്യഷോപ്പുകളിൽ നിന്ന്‌ പല ദിവസങ്ങളിലായി വാങ്ങിസൂക്ഷിച്ചതാണിത്. മുമ്പും എക്സൈസിന്റെ പിടിയിലായിട്ടുള്ള ശ്രീജിത്ത് ഒരു മാസമായി നിരീക്ഷണത്തിലായിരുന്നു. കൊട്ടിയം, പരവൂർ, തട്ടാമല, പള്ളിമുക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.

മദ്യശാലകൾ അടഞ്ഞുകിടക്കുന്ന ദിവസങ്ങളിലാണ് പ്രധാന വിൽപ്പന. ആവശ്യക്കാർക്ക്‌ മദ്യം എത്തിച്ചുകൊടുക്കും. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശ്, പ്രിവന്റീവ് ഓഫീസർ നിഷാദ്, വിനോദ്, ബ്രിജേഷ്, ശിഹാബ്, ജ്യോതി, വിഷ്ണു, അനീഷ്, അഖിൽ, വിൽഫ്രഡ്‌, ഷൈനി, ജോൺ എന്നിവർ പങ്കെടുത്തു.