ഇന്ധനവില വീണ്ടും കൂട്ടി ; പാചകവാതക വിലയും കൂട്ടി

0
82

ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്നതിനിടെ കേന്ദ്രം പാചകവാതക വിലയും കൂട്ടി. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് 35.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 1692.50 രൂപയായിരുന്ന 19 കിലോ​ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 1728 രൂപയായി. തിരുവനന്തപുരത്ത് 1745.50 രൂപയും കോഴിക്കോട് 1,755 രൂപയും നൽകണം. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞമാസം 74.50 രൂപയും ആ​ഗസ്ത് ഒന്നിന് 72.50 രൂപയും ജൂലൈയിൽ 80 രൂപയും കൂട്ടിയിരുന്നു. മൂന്നു മാസത്തിനുള്ളിൽ നാലുതവണയായി 262.50 രൂപയാണ് കൂട്ടിയത്. പെട്രോൾ, ഡീസൽ വിലയ്ക്കൊപ്പം പാചകവാതക വിലയും വർധിപ്പിക്കുന്നത് ഇരട്ടപ്രഹരമാണ് ജനങ്ങൾക്ക്.

ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി മേഖലയും ചെറുകിട വ്യവസായങ്ങളും കൂടുതൽ പ്രതിസന്ധിയിലാകും. ഉൽപ്പന്നങ്ങളുടെ വിലയും കൂടും. കഴിഞ്ഞ മൂന്നുമാസവും ​ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയും വർധിപ്പിച്ചിരുന്നു. 75.50 രൂപയാണ് കൂട്ടിയത്. ​14.2 കിലോ​ഗ്രാമിന്റെ ​ഗാര്ഹിക സിലിണ്ടറിന് കൊച്ചിയില് 891.50 രൂപയും തിരുവനന്തപുരത്ത് 894, കോഴിക്കോട് 893.50 രൂപയുമാണ് വില.

ഇന്ധനവില വീണ്ടും കൂട്ടി

ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. * ഇതോടെ കൊച്ചിയിൽ പെട്രോളിന് 102.07 രൂപയും ഡീസലിന് 95.09 രൂപയുമായി. തിരുവനന്തപുരത്ത് 104.13, 97.03, കോഴിക്കോട് 102.36, 95.39 എന്നിങ്ങനെയാണ് പെട്രോൾ, ഡീസൽ വില.