അതിയന്നൂർ പഞ്ചായത്തിൽ ശുദ്ധജലവിതരണത്തിനായി സമഗ്ര കുടിവെള്ള പദ്ധതി : കിഫ്ബിയിൽനിന്ന്‌ 25.4 കോടി രൂപ

0
50

അതിയന്നൂർ പഞ്ചായത്തിൽ ശുദ്ധജലവിതരണത്തിനായി സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങി. നെയ്യാറിലെ പിരായുംമൂട്ടിൽ കിണർ നിർമിച്ച് വെള്ളം പോങ്ങിലെ ശുദ്ധീകരണശാലയിലെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നു. കിഫ്ബിയിൽനിന്ന്‌ 25.4 കോടി രൂപ ചെലവിടും.

നഗരസഭയുടെ പരിധിയിലെ പിരായുംമൂട് പാലത്തിനു സമീപത്തായുള്ള 15 സെന്റ് റവന്യൂ പുറമ്പോക്കിൽ ഒൻപത് മീറ്റർ വ്യാസത്തിലുള്ള കിണർ നിർമിച്ച് 500 എം.എം. ഡക്‌റ്റൈൽ അയൺ പൈപ്പിലൂടെ വെള്ളം അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിലിൽ എത്തിക്കും. സർക്കാർ ഹോമിയോ ആശുപത്രിക്കു സമീപത്തായുള്ള 85 സെന്റ് സ്ഥലത്താണ് ജലശുദ്ധീകരണശാലയും ടാങ്കും നിർമിക്കുന്നത്.

നിർമാണക്കരാർ ഒരുവർഷത്തേക്ക്

ഒരുവർഷത്തിനകം നിർമാണം പൂർത്തീകരിച്ച് കുടിവെള്ളവിതരണം നടത്താനാണ് ലക്ഷ്യം. പിരായുംമൂട്ടിൽനിന്ന്‌ പമ്പു ചെയ്യുന്ന വെള്ളം 15 എം.എൽ.ഡി. സംഭരണശേഷിയുള്ള ജലശുദ്ധീകരണശാലയിലെത്തിക്കും.

ശുദ്ധീകരിച്ച ജലം പത്തുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിലെത്തിച്ചശേഷമാണ് വിതരണം ചെയ്യുന്നത്. അതിയന്നൂർ പഞ്ചായത്തിലെ 45000 പേർക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കും.

അതിയന്നൂർ പഞ്ചായത്തിന്റെ ഭാഗമായ നെല്ലിമൂട്ടിൽ പദ്ധതിയുടെ ഗുണം ആദ്യഘട്ടത്തിൽ ലഭിക്കില്ല. നെല്ലിമൂട് പുതിയ ഓവർഹെഡ് ടാങ്ക് നിർമിച്ചാലെ ഈ പ്രദേശത്ത് കുടിവെള്ള വിതരണം നടത്താനാകൂ. രണ്ടാംഘട്ടത്തിൽ നെല്ലിമൂട് ഓവർഹെഡ് ടാങ്ക് നിർമിക്കും.

കോട്ടുകാൽ രണ്ടാംഘട്ടത്തിൽ

രണ്ടാംഘട്ടത്തിൽ കുടിവെള്ളം കോട്ടുകാൽ പഞ്ചായത്തിലും വിതരണം ചെയ്യും. ഇതിനായി നെല്ലിമൂടിനു പുറമേ കോട്ടുകാൽ പഞ്ചായത്തിലെ രണ്ടിടത്തുകൂടി ഓവർഹെഡ് ടാങ്ക് നിർമിക്കും. അതിയന്നൂർ, കോട്ടുകാൽ പഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. നിലവിൽ അതിയന്നൂർ പഞ്ചായത്തിൽ അഞ്ച് കുടിവെള്ള പദ്ധതികൾ ഉണ്ട്. ഇതിൽ ശബരിമുട്ടം ഒഴികെയുള്ളവ പദ്ധതികൾ പ്രവർത്തിക്കുന്നില്ല.

നിർമാണത്തിനു തുടക്കമായി

കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം പോങ്ങിലിൽ കെ.ആൻസലൻ എം.എൽ.എ. നിർവഹിച്ചു. അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ, പഞ്ചായത്തംഗങ്ങളായ കൊടങ്ങാവിള വിജയകുമാർ, സുധാമണി, ബി.ടി.ബീന, ജല അതോറിട്ടി എക്സിക്യുട്ടീവ് എൻജിനീയർ അജീഷ്‌കുമാർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ രാധാകൃഷ്ണൻ, അസിസ്റ്റന്റ് എൻജിനീയർ പ്രസാദ്, ഓവർസിയർ ബിജു എന്നിവർ പങ്കെടുത്തു.