സ്റ്റെന്റിന്റെ സ്റ്റോക്കറിയാൻ മന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തി

0
104

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാത്ത് ലാബിൽ അടിയന്തിര കേസുകൾ ഉൾപ്പെടെ മുടങ്ങിയെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്റ്റെന്റിന്റെ സ്റ്റോക്കറിയാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് കാത്ത് ലാബിൽ മിന്നൽ സന്ദർശനം നടത്തി. ഇന്നലെ മെഡിക്കൽ കോളേജ് പുതിയ ഐസിയു സന്ദർശിച്ചിരുന്നു. ഈ സമയത്ത് മെഡിക്കൽ കോളേജിലെ സ്റ്റെന്റിന്റെ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പ്രിൻസിപ്പാളിൽ നിന്നും സൂപ്രണ്ടിൽ നിന്നും ചോദിച്ചറിഞ്ഞിരുന്നു. കൂടാതെ ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് അധികൃതരെ മന്ത്രിയോഫീസിൽ വിളിച്ച് വരുത്തി ചർച്ച നടത്തി. ഇതുകൂടാതെയാണ് ഇന്ന് രാവിലെ മന്ത്രി നേരിട്ട് മെഡിക്കൽ കോളേജ് കാത്ത് ലാബിൽ മിന്നൽ സന്ദർശനം നടത്തിയത്. ആദ്യമായാണ് ഒരു മന്ത്രി മെഡിക്കൽ കോളേജിൽ നേരിട്ടെത്തി സ്റ്റെന്റിന്റെ സ്റ്റോക്ക് പരിശോധിച്ചത്.

കാത്ത് ലാബ് പ്രൊസീജിയറിനാവശ്യമായ സ്റ്റെന്റുകളും ഗൈഡ് വയറും ബലൂണും നിലവിൽ അവശ്യമായത് ഉണ്ടെന്ന് മന്ത്രി ഉറപ്പുവരുത്തി. മാത്രമല്ല ഒരുമാസത്തിലധികം ഉപയോഗിക്കാൻ കഴിയുന്ന സ്റ്റെന്റുകൾ സ്റ്റോക്കുണ്ട്. ഗൈഡ് വയർ നാലഞ്ച് ദിവസത്തേയ്ക്കും കൂടിയുണ്ട്. എത്രയും വേഗം കുറവ് നികത്താനുള്ള കർശന നിർദേശം നൽകി. അടിയന്തര ശസ്ത്രക്രിയകൾ ഒന്നും മുടങ്ങിയിട്ടില്ല. മാത്രമല്ല നിലവിൽ അടിയന്തര കേസുകൾ ഉൾപ്പെടെയുള്ളവ തടസമില്ലാതെ നടക്കുന്നുണ്ട്.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് സന്ദർശിച്ച് ഓഫീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ, മറ്റ് ജീവനക്കാർ എന്നിവരുമായും മന്ത്രി സംസാരിച്ചു. ഇവയുടെ വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ നടത്തരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

മന്ത്രിയോടൊപ്പം മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. തോമസ് മാത്യുവും ഉണ്ടായിരുന്നു.