ബലാത്സംഗ ശ്രമം ചെറുത്ത പെൺകുട്ടിയുടെ കണ്ണിൽ ആസിഡ് ഒഴിച്ചു ; രണ്ട് പേർ അറസ്റ്റിൽ

0
94

മധ്യപ്രദേശിൽ ബലാത്സംഗ ശ്രമം ചെറുത്ത പെൺകുട്ടിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് യുവാക്കൾ. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാനായിരുന്നു പ്രതികളുടെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തിൽ താമസിച്ചിരുന്ന ഇരുപതുകാരിയെയാണ് ബുധനാഴ്ച രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ സഹോദരനേയും ഇവർ കൊണ്ടുപോയിരുന്നു.

പെൺകുട്ടി ബലാത്സംഗ ശ്രമത്തെ എതിർത്തപ്പോൾ, രണ്ട് പ്രതികളും ചേർന്ന് യുവതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ചു. പെൺകുട്ടിയുടെ സഹോദരനെയും പ്രതികൾ മർദ്ദിച്ചതായി പൊലീസ് പറഞ്ഞു. തങ്ങളുടെ ബന്ധുക്കളിൽ ഒരാളെ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി സഹായിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ‘രണ്ട് പ്രതികളും ചേർന്ന് പെൺകുട്ടിയേയും സഹോദരനേയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.

നാട്ടിൽ നിന്നും ഒളിച്ചോടിപ്പോയ തങ്ങളുടെ ബന്ധുവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് അവരെ രക്ഷപ്പെടാൻ സഹായിച്ച പെൺകുട്ടിയെ തേടി ഇവരെത്തിയത്,’ പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി തന്നെ രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവരെ അറസ്റ്റ് ചെയ്തതായും ജില്ലാ പൊലീസ് സൂപ്രണ്ട് ധരംരാജ് മീന പറഞ്ഞു. ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പന്ന ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.