വെട്ടിക്കൽ പാലവും റോഡും ഇന്ന് തുറന്നുകൊടുക്കും

0
14

വെട്ടിക്കൽ പാലവും റോഡും വ്യാഴാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും. ചിറയിൻകീഴ് മണ്ഡലത്തിൽ 34.50 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ റോഡുകളുടെയും പാലങ്ങളുടെയും ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. നബാർഡിൽ നിന്നുള്ള അഞ്ചുകോടി രൂപ ചെലവിട്ടാണ് പാലവും റോഡും നിർമിച്ചത്. പതിറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച നടപ്പാലം പൊളിച്ച് ഗതാഗതയോഗ്യമായ പാലം വേണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.

ഭൂതത്താൻ കാവിന് സമീപത്തുനിന്നു വെട്ടിക്കൽ നടപ്പാലം വരെയുള്ള ഭാഗത്ത് ഏലായ്ക്കു കുറുകേ ഏറെക്കാലംമുൻപ് നാട്ടുകാർ മുൻകൈയെടുത്ത് മൺപാത നിർമിച്ചിരുന്നു. റോഡുണ്ടായെങ്കിലും പാലമില്ലാത്തതിനാൽ ഗതാഗതം സാധ്യമായിരുന്നില്ല.

ഡെപ്യൂട്ടി സ്പീക്കറായിരുന്ന വി.ശശി പദ്ധതിക്കായി പ്രത്യേക താല്പര്യമെടുക്കുകയും നിർദ്ദേശത്തെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു. തുടർന്നാണ് പദ്ധതിക്കാവശ്യമായ തുക വകയിരുത്തിയത്. മുദാക്കൽ പഞ്ചായത്തിലെ 16, 18 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പ്രദേശത്തിന്റെ ഗതാഗതചരിത്രത്തിലെ പുതിയ അധ്യായമാകും. എട്ടുമീറ്റർ വീതിയും 16 മീറ്റർ നീളവുമുള്ളതാണ് പാലം. മൺപാതയെ ഉയർത്തിയാണ് പാലത്തിലേക്കുള്ള റോഡൊരുക്കിയിട്ടുള്ളത്. റോഡിന് എട്ട് മീറ്റർ വീതിയും 350 മീറ്റർ നീളവുമുണ്ട്.

പാർശ്വഭിത്തികൾ നിർമിച്ച് മണ്ണിട്ട് നികത്തി മെറ്റൽമിക്‌സിട്ടുറപ്പിച്ചശേഷമാണ് ടാർ ചെയ്തത്. നീർവാർച്ചയ്ക്കായി അഞ്ച് കലുങ്കുകൾ നിർമിച്ചിട്ടുണ്ട്. 2019 മാർച്ച് ഒന്നിന് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ 2021 മാർച്ചിൽ പൂർത്തിയായി. ദേശീയപാതയിൽ പതിനെട്ടാം മൈലിനെയും ചെമ്പകമംഗലം-വാളക്കാട് റോഡിൽ മങ്കാട്ട്മൂലയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്.

വ്യാഴാഴ്ച വൈകീട്ട് നാലിന് വെട്ടിക്കൽ പാലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വി.ശശി എം.എൽ.എ, അടൂർ പ്രകാശ് എം.പി, ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷ എ.ഷൈലജബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു എന്നിവർ പങ്കെടുക്കും.