ഒമ്പത് മാസത്തിനിടെ 15കാരിയെ 33 പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി, 24 പേർ അറസ്റ്റിൽ

0
47

ഒമ്പത് മാസത്തോളം 15കാരിയെ നിരവധി തവണ കൂട്ടബലാത്സംഗത്തിനിയാക്കിയ സംഭവത്തില്‍ 24 പേരെ അറസ്റ്റ്​ ചെയ്​തു. ഇവരിൽ രണ്ട്​ പേർ പ്രായപൂര്‍ത്തിയാകാത്താവരാണ്. മഹാരാഷ്​ട്രയിലെ താനെ സ്വദേശിയായ 15കാരിയെയാണ് സുഹൃത്തും കൂട്ടുകാരും ചേർന്ന് നിരന്തരം പീഡിപ്പിച്ചത്. കഴിഞ്ഞദിവസം ആശുപത്രി വിട്ടശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ്‌ രാജ്യത്തെ ഞെട്ടിച്ച സംഭവം പുറത്തറിഞ്ഞത്.

ഈ വര്‍ഷം ജനുവരി 29 മുതല്‍ സെപ്​റ്റംബര്‍ 22 വരെയായിരുന്നു കൂട്ടബലാത്സംഗം. ജനുവരിയില്‍ ആണ്‍സുഹൃത്ത്​ പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ ​പകര്‍ത്തി. ഈ വിഡിയോ കാണിച്ച്‌​ ഭീഷണിപ്പെടുത്തിയാണ്​ കാമുകന്‍റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ്​ പറഞ്ഞു. 33 പ്രതികളില്‍ 24 പേരെ അറസ്റ്റ്​ ചെയ്​തതായും ഇതിൽ മൂന്ന്​ പേര്‍ക്ക്​ രാഷ്​ട്രീയബന്ധമുണ്ടെന്നും പൊലീസ്​ പറഞ്ഞു.

‘പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ജനുവരിയില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ്​ സംഭവങ്ങളുടെ തുടക്കം. ഈ വിഡിയോ കാണിച്ച്‌​ ആണ്‍സുഹൃത്ത് തന്നെ വീണ്ടും പീഡനത്തിനിരയാക്കി. ശേഷം അവന്‍റെ കൂട്ടുകാരും പരിചയക്കാരും ചേര്‍ന്ന്​ നാലോ അഞ്ചോ തവണ വിവിധ സ്​ഥലങ്ങളിലായി കൂട്ട ബലാത്സംഗം ചെയ്​തു. ഡോംബിവ്​ലി, ബദ്​ലാപുര്‍, മുര്‍ബാദ്​, റാബാലെ എന്നിവിടങ്ങളിലായായിരുന്നു പീഡനം’- അഡീഷനല്‍ കമീഷണര്‍ (ഈസ്റ്റ്​) ദത്തേത്ര കരാലെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി അഡീഷനല്‍ കമീഷണര്‍ അറിയിച്ചു.