മുഖച്ഛായ മാറ്റും ; സ്‌മാർട്ട് സിറ്റിയിൽ സ്‌മാർട്ടാകാൻ റോഡുകളും

0
64

തിരുവനന്തപുരം നഗരത്തിന് പുത്തൻ കരുത്തായി മാറുന്ന സ്‌മാർട്ട് സിറ്റി പദ്ധതിവഴി റോഡുകളും സ്‌മാർട്ടാകുകയാണ്. റോഡുകൾക്ക് കിടിലൻ ലുക്കും സൂപ്പർ കരുത്തുമാണ് വരാൻ പാേകുന്നത്. കേബിളുകളെല്ലാം ഭൂമിക്കടിയിലാക്കി റോഡിന് പുതിയ മുഖമാണ് നൽകുന്നത്. സ്‌മാർട്ട് സിറ്റി മിഷന്റെ ഭാഗമായുള്ള പുതിയ പദ്ധതിയാണ് ‘സ്മാർട്ട് റോഡുകൾ’.

കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്ന നഗരത്തിലെ സ്മാർട്ട് റോഡുകളുടെ ജോലികൾ പുനരാരംഭിച്ചു. മെയിൻ റോഡുകളും കോർപ്പറേഷൻ റോഡുകളും നവീകരിക്കുന്ന പദ്ധതിയിലൂടെ തമ്പാനൂർ, പാളയം, ഫോർട്ട്, വലിയശാല, വഴുതക്കാട്, തൈക്കാട്, വഞ്ചിയൂർ, ചാല, ശ്രീകണ്ഠേശ്വരം എന്നീ ഒമ്പത് വാർഡുകളിലെ റോഡുകളും ഫുട്പാത്തുമാണ് സ്‌മാർട്ടാകുന്നത്. 2022 ഫെബ്രുവരിയോടെ റോഡുകൾ സ്‌മാർട്ടാകുമെന്നാണ് പ്രതീക്ഷ.

എന്താണ് സ്‌മാർട്ട് റോഡ്

4 പാക്കേജ് ആയി ടെൻഡർ വിളിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ കോർപ്പറേഷൻ റോഡുകൾ മാത്രമായി 46 കിലോമീറ്ററാണ് സ്‌മാർട്ടാക്കുന്നത്. 563 കോടിയാണ് ചെലവ്. പദ്ധതിയുടെ ഭാഗമായി റോഡിന് ഇരുവശവും ‘അണ്ടർഗ്രൗണ്ട് ഡക്ക്റ്റിംഗ്’ പ്രക്രിയയിലൂടെ എല്ലാ ഇലക്ട്രിക് കേബിളുകളും ഭൂമിക്കടിയിലാക്കും. കോർപ്പറേഷൻ റോഡുകൾ ബിറ്റുമിനസ് മെക്കാഡം ബിറ്റുമിനസ് കോൺക്രീറ്റ് (ബി..എം.ബി.സി) ടാറിംഗും മെയിൻ റോഡുകൾ വൈറ്റ് ടോപ്പിംഗ് സംവിധാനം ഉപയോഗിച്ചുള്ള ടാറിംഗുമാണ്.

ഓട നവീകരണം, തെരുവ് വിളക്കുകൾ, വെവ്വേറെ സൈക്ലിംഗ് പാത്ത്, ഫുട്പാത്ത് എന്നിവയുടെ നിർമ്മാണവും ഉൾപ്പെടുമെന്ന് ട്രാൻസ്‌പോർട്ടേഷൻ അസിസ്റ്റന്റ് മാനേജർ വാസുദേവൻ നമ്പൂതിരി പറഞ്ഞു.

കോർപ്പറേഷൻ റോഡുകൾ – 46 കിലോമീറ്റർ

563 കോടി ചെലവ്

വൈറ്റ് ടോപ്പിംഗ് സംവിധാനം

നിലവിലെ തകർന്ന ബിറ്റുമിൻ കൊണ്ടുള്ള റോഡുകൾക്ക് മുകളിൽ കോൺക്രീറ്റ് സിമെന്റ് കൊണ്ട് ഉറപ്പുള്ളവിധം ലെയറുകൾ നിർമ്മിച്ച് റോഡുകൾ റീടാർ ചെയ്യുന്ന പ്രക്രിയയാണ് വൈറ്റ് ടോപ്പിംഗ്. വൈറ്റ് ടോപ്പിംഗ് ചെയ്‌ത റോഡുകൾ കുറഞ്ഞത് 25 വർഷം കേടുകൂടാതെ നിലനിൽക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതുവഴി അടിക്കടിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒഴിവാക്കാം.