റെയിൽവേ മുറിച്ചു വിൽക്കും, സുരക്ഷിത തൊഴിൽ നഷ്ടമാകുന്നത് ലക്ഷങ്ങൾക്ക്, സ്‌കൂളുകളും പൂട്ടും ആശുപത്രികളും വില്പനയ്ക്ക്

0
111

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിൽ ജീവനും ആത്മാവും നഷ്ടപ്പെട്ട് ഇന്ത്യൻ റെയിൽവേ. റെയിൽവേ വക സ്ഥാപനങ്ങൾ പ്രത്യേക കമ്പനികളാക്കാനും. രണ്ട്‌ ലക്ഷത്തോളം പേരെ ഈ കമ്പനികളിലേക്ക്‌ മാറ്റാനുമാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാൻ റയിൽവെ മന്ത്രാലയം നിർദേശം നൽകിയതായി റിപ്പോർട്ട്.

ചെന്നൈ ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി, കപൂർത്തല റെയിൽ കോച്ച്‌ ഫാക്ടറി, റായ്‌ബറേലി മോഡേൺ കോച്ച്‌ ഫാക്ടറി എന്നിവയെയും വാരാണസി, പാട്യാല, ബം​ഗാളിലെ ചിത്തരഞ്‌ജൻ എന്നിവിടങ്ങളിലെ എൻജിൻ നിർമാണ യൂണിറ്റുകളും യലഹങ്ക(ബംഗളൂരു), ബേല(ബിഹാർ) വീൽ നിർമാണ യൂണിറ്റുകളും ഒറ്റക്കമ്പനിക്ക്‌ കീഴിലാക്കാനാണ്‌ നിർദേശം. സർക്കാർ സ്ഥാപനങ്ങളുടെ കമ്പനിവത്കരണം സ്വകാര്യ മേഖലയ്ക്ക് വിൽക്കാനുള്ള നീക്കത്തിന്റെ പ്രാരംഭ ഘട്ടമാണ്. കമ്പനികളായാൽ ഓഹരികളായും മൊത്തമായും “വില്പന” സാധ്യമാകും.

ഇന്ത്യയിലെ 94 റെയിൽവേ സ്‌കൂൾ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് കൈമാറണം. ഇതിനു കഴിയാത്ത സ്ഥലങ്ങളിൽ സംസ്ഥാനസർക്കാരിനു കൈമാറുകയോ സ്വകാര്യപങ്കാളിയെ കണ്ടെത്തുകയോ ചെയ്യണം. റെയിൽവേയുടെ 125 ആശുപത്രിയുടെയും 586 ആരോഗ്യകേന്ദ്രത്തിന്റെയും പ്രവർത്തനത്തിൽ സ്വകാര്യപങ്കാളിത്തത്തിനു വഴി കണ്ടെത്തണം. പതിനേഴ്‌ സോണിലായി 280 പരിശീലന കേന്ദ്രം ഉണ്ടായിരുന്നത്‌ 130 ആക്കി. ഒരു സോണിൽ ഒറ്റ പരിശീലനകേന്ദ്രം മാത്രമാക്കും.

13 ലക്ഷത്തിലധികം തസ്തികകൾ ഉണ്ടായിരുന്ന ഇന്ത്യൻ റെയിൽവെയിൽ ഇപ്പോൾ പത്ത് ലക്ഷം തസ്തികകൾ മാത്രമേ ഉള്ളൂ. കരാർ ജീവനക്കാരും താത്കാലിക നിയമനക്കാരും ഉൾപ്പടെയാണിത്. തസ്തിക വീണ്ടും ചുരുക്കി എട്ട് ലക്ഷ്യത്തിലേക്ക് എത്തിക്കാനാണ് സർക്കാർ നിർദേശം. പുറംതൊഴിൽ കരാറും താൽക്കാലിക നിയമനവും വ്യാപകമാക്കുകയാണ് ലക്‌ഷ്യം.21 റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡിന്റെയും പ്രവർത്തനം അവസാനിപ്പിക്കും. നിയമനങ്ങൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ ടെസ്‌റ്റിങ്‌ ഏജൻസിയുമായുള്ള ഏകോപനത്തിനു റെയിൽവേയിൽ ചെറിയ ഡിജിറ്റൽ ഓഫീസ്‌ മാത്രം പ്രവർത്തിക്കും.

കേന്ദ്രസർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്‌ സഞ്‌ജീവ്‌ സന്ന്യാൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ശുപാർശകൾ. പരിഷ്‌കാരങ്ങൾ അതിവേഗം നടപ്പാക്കാൻ റെയിൽവേ മന്ത്രാലയത്തോട്‌ ക്യാബിനറ്റ്‌ സെക്രട്ടറിയറ്റ്‌ നിർദേശിച്ചു.