ഭാരതപ്പുഴയിൽ നിങ്ങൾക്കും തുഴയെറിയാം, പാലക്കാട്ടെ ആദ്യ കയാക്കിങ് ഫെസ്റ്റിവൽ തൃത്താലയിൽ

0
85

പ്രകൃതിക്കിണങ്ങിയ ടൂറിസം പദ്ധതികളിൽ ഒന്നാണ് കയാക്കിങ്. കേരളത്തിന് അത്ര പരിചിതമല്ലെങ്കിലും പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ള വിനോദങ്ങളിൽ ഒന്നാണ് കയാക്കിങ്. കേരളത്തിലെ കയാക്കിങ് ടൂറിസത്തിന് മുതൽക്കൂട്ടായി ഇനി പാലക്കാട് ജില്ലയും മാറും. ജില്ലയിലെ ആദ്യ കയാക്കിങ് ഫെസ്റ്റിവൽ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ തൃത്താലയിലെ വെള്ളിയാങ്കല്ലിൽ നടക്കുകയാണ്.

തൃത്താലയിൽ സമഗ്ര ടൂറിസം വികസന പദ്ധതി നടപ്പാക്കുമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് എൽ ഡി എഫ് സ്ഥാനാർത്ഥിയും നിലവിലെ കേരള നിയമസഭാ സ്‌പീക്കറുമായ എം ബി രാജേഷ് നൽകിയ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്. വെള്ളിയാങ്കല്ലിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കയാക്കിങ് ആരംഭിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം 3.30 ന് വെള്ളിയാങ്കല്ല് പൈതൃക പാർക്കിനു സമീപം സ്പീക്കർ ഉദ്ഘാടനം നിർവഹിക്കും.

“കയാക്കിങ്ങിന് അനുയോജ്യമാണ് ഭാരതപ്പുഴയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാലക്കാട് ജില്ലയിൽ ആദ്യത്തെ കയാക്കിങ്ങിന് വെള്ളിയാങ്കല്ലിൽ അരങ്ങൊരുങ്ങുന്നത്. വെള്ളിയാങ്കല്ല് പൈതൃക പാർക്കിനടുത്താണ് കയാക്കിങ്ങിന് സൗകര്യമൊരുക്കുന്നത്. കയാക്കിങ് ലോക ഭൂപടത്തിൽ തൃത്താലയെ അടയാളപ്പെടുത്താനും സഹായിക്കും. വിനോദസഞ്ചാരത്തിനൊപ്പം പുഴയുടെ ശുചീകരണവും ലക്ഷ്യമിടുന്നുണ്ട്.’ സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് സെപ്റ്റംബർ 21 രാവിലെ മുതൽ വൈകുന്നേരം വരെ കയാക്കിങ് ചെയ്യാവുന്നതാണ്. ടിക്കറ്റ് വെള്ളിയാംകല്ല് പൈതൃക പാർക്കിൽ തിങ്കളാഴ്ച ലഭ്യമാകും.