കണ്ണൂർ സെൻട്രൽ ജയിലിൽ ആയുധങ്ങൾ കുഴിച്ചിട്ട നിലയിൽ; ജയിലില്‍ വ്യാപക പരിശോധന

0
82

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ വ്യാപക പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ക്ക് പുറമേ മഴു, കത്തികള്‍ എന്നിവയും കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.

ജയിലില്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ജയില്‍ ഡിജിപി സംസ്ഥാനത്തെ ജയിലുകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയപ്പോഴാണ് മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെടുത്തത്.

കഴിഞ്ഞ ഒരാഴ്ച ജയിലിനുള്ളിലാണ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ജയില്‍ വളപ്പില്‍ വ്യാപകമായി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്. എല്ലാ കുഴിച്ചിട്ട നിലയിലായിരുന്നു. മൂന്ന് സംഘമായി 45 ജയില്‍ ജീവനക്കാരാണ് പരിശോധനയില്‍ പങ്കെടുത്തത്.

കാലാകാലങ്ങളായി സൂക്ഷിച്ച ആയുധങ്ങളെന്നാണ് പ്രാഥമിക നിഗമനം. ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് പവര്‍ ബാങ്കുകള്‍, അഞ്ച് ചാര്‍ജറുകള്‍ എന്നിവയാണ് കണ്ടെടുത്തത്.