പഴക്കംചെന്ന റെയിൽവേ സ്റ്റേഷനിൽ ഒന്നായ പേട്ട റെയിൽവേ സ്റ്റേഷൻ മുഖം മിനുക്കുന്നു

0
34

തലസ്ഥാനത്തെ പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നായ പേട്ട മുഖം മിനുക്കുന്നു. പൗരാണിക തനിമയോടെ നിലനിന്നിരുന്ന സ്റ്രേഷനോട് അധികൃതർ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് നേരത്തെതന്നെ പരാതി ഉയർന്നിരുന്നു. നൂറുകണക്കിന് യാത്രക്കാർ ട്രെയിനിറങ്ങുന്ന സ്റ്റേഷന്റെ അവസ്ഥ പലതരത്തിലും മോശമായിരുന്നു. സ്റ്റേഷൻ മന്ദിരം ചോർന്നൊലിച്ചു തുടങ്ങിയതോടെയാണ് അറ്റകുറ്റപ്പണികൾക്ക് റെയിൽവേ തയ്യാറായത്. മേൽക്കൂരയുടെ ഓടുകൾ മാറ്റി ജി.ഐ റൂഫിംഗ് ഷീറ്റുകൾ ഉപയോഗിച്ചാണ് ചോർച്ച പരിഹരിച്ചത്.

റെയിൽവേയുടെ മെയിന്റനൻസ് ഫണ്ടുപയോഗിച്ചാണ് നവീകരണം.

മേൽക്കൂരയുടെ അടിയിൽ പി.വി.സി ഉപയോഗിച്ചുള്ള ഫാൾ സീലിംഗും സജ്ജമാക്കി. ഇതിൽ ആധുനിക രീതിയിലുള്ള ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. പെയിന്റിംഗ്, ടിക്കറ്റ് കൗണ്ടർ, ശുചിമുറി എന്നിവയുടെ നവീകരണം, ഇരിപ്പിട സൗകര്യം, മേൽക്കൂര മോടിപിടിപ്പിക്കൽ എന്നിവയാണ് രണ്ടാംഘട്ടമായി നടപ്പാക്കുന്നത്. എന്നാൽ സ്റ്റേഷനിലെ ടൈലിട്ട തറയും സിമന്റ് തൂണുകളും അതേപടി നിലനി‌റുത്തിയിട്ടുണ്ട്.

ആശ്രയിക്കുന്നവർ നിരവധി

തലസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് പേട്ട. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വലിയ തോതിൽ വികസിച്ചപ്പോൾ പേട്ടയുടെ പ്രതാപം അല്പമൊന്നു മങ്ങിയെങ്കിലും നിത്യവും ഇവിടെ വന്നിറങ്ങുന്ന യാത്രക്കാരുടെ എണ്ണം വളരെ വലുതാണ്. നിയമസഭ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ്, വികാസ് ഭവൻ, യൂണിവേഴ്സിറ്റി കോളേജ്, ടൗൺ ഓഫീസ് സമുച്ചയം, കോടതി സമുച്ചയം തുടങ്ങി തലസ്ഥാന നഗരിയിലെ പ്രമുഖ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും മറ്രാവശ്യങ്ങൾക്ക് പോകുന്നവരുമടക്കം രാവിലെ വന്നിറങ്ങുന്നത് പേട്ട സ്റ്റേഷനിലാണ്. ഇന്റർ-സിറ്റി ട്രെയിനുകളുടെ സ്ഥിരം പോയിന്റാണ് പേട്ട.

വൈകുന്നേരങ്ങളിൽ നോക്കുകുത്തി

രാവിലെ തിരുവനന്തപുരം സെൻട്രലിലേക്കുള്ള പല പ്രധാന ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ടെങ്കിലും വൈകിട്ടുള്ള മടക്കയാത്രയ്ക്ക് ഇവിടെ സൗകര്യമില്ല. പാസഞ്ചർ ട്രെയിനുകൾക്കും രാത്രിയിലെ മംഗലാപുരം എക്സ്‌പ്രസിന് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. ദിവസയാത്രക്കാർക്ക് ഇക്കാര്യത്തിൽ റെയിൽവേയോട് ചെറിയ പരിഭവവുമുണ്ട്.