ഇന്ദിരാ ഗാന്ധിയെ കുറ്റം പറഞ്ഞയാളാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്- കെ പി അനില്‍കുമാര്‍

0
114

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വീണ്ടും ആഞ്ഞടിച്ച്‌ കെ പി അനില്‍കുമാര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം പയ്യാമ്പലത്ത് നിമജ്ജനം ചെയ്തപ്പോല്‍ ബീച്ച്‌ മലിനമായെന്ന് പറഞ്ഞ ആളാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷൻ. ഇന്ദിരഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ കേരളത്തില്‍ കൊണ്ടുവന്നപ്പോള്‍ അതിനൊപ്പം പോയ ആളാണ് താൻ. ഞാനാണോ കോണ്‍ഗ്രസ് സുധാകരനാണോ കോണ്‍ഗ്രസ്. എന്തായാലും ഞാനിപ്പോള്‍ കോണ്‍ഗ്രസല്ല. അതുകൊണ്ട് കാര്യങ്ങള്‍ പറയുമ്പോള്‍ ഒന്ന് സ്വയം ഉള്ളിലേക്ക് നോക്കിയിട്ട് പറയുന്നത് എല്ലാവര്‍ക്കും നല്ലതാണ്- അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിൽ പലരും ഇപ്പോൾ അച്ചടക്കത്തെപ്പറ്റി പറയുന്നുണ്ട്. നേരത്തെ പലതവണ അച്ചടക്കം ലംഘിച്ചവരാണിവർ. ഏതായാലും ഞാന്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലല്ലോ. എന്നെ വിട്ടേക്ക്. ഞാനൊരു മഹത്തായ നല്ല പാര്‍ട്ടിയില്‍ പൊതുപ്രവര്‍ത്തനം മാന്യമായി നടത്താന്‍ പറ്റുന്ന ഒരു പ്രസ്ഥാനത്തിലാണ് ഇപ്പോള്‍ ഉള്ളത്. നിങ്ങള്‍ വീതം വെക്കുകയോ തമ്മിലടക്കുകയോ കുത്തിമരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. എന്റെ മേലേക്ക് കേറി വരണ്ട. എന്റെ നാക്ക് ഒട്ടും മോശമല്ല എന്ന് എനിക്കറിയാം. പിന്നെ ഇപ്പോള്‍ ഞാന്‍ പഴയപോലെ കോണ്‍ഗ്രസിലല്ല, സിപിഐ എമ്മിലാണ്. അപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെ എനിക്ക് പത്രക്കാരെ കാണാന്‍ പറ്റില്ല. അപ്പോള്‍ ഞാനും എന്റെ സ്വഭാവമൊക്കെ ഒന്ന് മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മൈക്ക് ഇങ്ങനെ കൊണ്ടുവരുമ്പോള്‍ അഭിപ്രായം പറയാന്‍ പറ്റുന്ന പാര്‍ട്ടിയിലല്ല ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. അത് പാര്‍ട്ടി ആലോചിച്ച് പറയും- അനില്‍കുമാര്‍ പറഞ്ഞു.