ഫാത്തിമ തഹ്‌ലിയക്കെതിരെ വീണ്ടും ലീഗ്, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കി

0
66

ലിംഗനീതിക്കായി ശബ്ദമുയര്‍ത്തിയ ഫാത്തിമ തഹ്‌ലിയക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി മുസ്ലിംലീഗ്. ഹരിത വിഷയത്തില്‍ പ്രതികരിച്ച ഫാത്തിമ തഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കി. ഹരിത വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മുസ്ലിംലീഗിന്റെ നടപടി.
പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരമായി പുതിയ കമ്മറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്‌ലിയയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. 2016 മുതല്‍ ഹരിതയുടെയും എംഎസ്എഫിന്റെയും മുഖമായി പാര്‍ട്ടിയില്‍ ഉള്ള വ്യക്തിയാണ് ഫാത്തിമ തഹ്‌ലിയ. ഹരിത വിവാദത്തില്‍ ഫാത്തിമ തെഹ്‌ലിയ വാർത്താസമ്മേളനം നടത്തിയിരുന്നു. എംഎസ്എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്നും തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി മുസ്‌ലിം ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്‌ലിയ പറഞ്ഞിരുന്നു. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പിന്‍വലിക്കാത്തതിനെതുടര്‍ന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാനകമ്മിറ്റിക്ക് പകരം ഞായറാഴ്‌ചയാണ്‌ പുതിയ കമ്മിറ്റിയെ മുസ്ലിംലീഗ് പ്രഖ്യാപിച്ചത്. പുതിയ തീരുമാനം വന്നതിനുപിന്നാലെ ഹരിത വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിനും കാസര്‍കോട് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുല്ലയും സ്ഥാനം രാജിവച്ചിരുന്നു.