നഷ്ടം നേരിട്ട് പ്രതിസന്ധിയിലാവുകയും പൊതുമേഖലയിൽ നിന്ന് കൈയ്യൊഴിയുമെന്ന് ആശങ്ക ഉയരുകയും ചെയ്ത കാസർകോട്ടെ കേന്ദ പൊതുമേഖലാ സ്ഥാപനമായ ബി.എച്ച് ഇ.എൽ – ഇ.എം.എൽ കേരള സർക്കാർ ഏറ്റെടുത്തു. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തി. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി.
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയുടെ ഭാഗമായി
കാസർഗോഡ് 1990 മുതൽ പ്രവർത്തിച്ചിരുന്ന
യൂണിറ്റ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്
2010ലാണ് കൈമാറിയത്.
51 ശതമാനം ഓഹരികൾ
ഭെൽ കൈവശം വെച്ചു. 49 ശതമാനം ഓഹരികൾ കേരള സർക്കാരും കൈവശം സൂക്ഷിച്ചു. ഒരു സംയുക്ത സംരംഭം എന്ന നിലയിൽ
ഭെൽ – ഇ.എം എൽ എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചത്.
പവർ കാർ ആൾട്ടർനേറ്റർ, ട്രെയിൻ ലൈറ്റിംഗ് ആൾട്ടർനേറ്റർ,
എന്നിവയുടെ നിർമാണവും
അതോടൊപ്പം ഡീസൽ ജനറേറ്റർ സെറ്റിംഗ് സംയോജനവും വിൽപനയും ആയിരുന്നു കെല്ലിന്റെ കീഴിൽ നിലനിന്നിരുന്ന സമയത്ത് യൂണിറ്റിന്റെ പ്രവർത്തനം.
ഇത് കൂടുതൽ വൈവിധ്യവൽക്കരിക്കുക എന്നതായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ നേതൃത്വത്തിൽ പുതിയ കമ്പനി വിഭാവനം ചെയ്തിരുന്നത്.
എന്നാൽ നവരത്ന സ്ഥാപനമായ ഭെല്ലിന്
ഈ പുതിയ കമ്പനിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെ വന്നു.
കേരള സർക്കാർ സ്ഥാപനമായ കെല്ലിന്റെ കീഴിൽ ലാഭകരമായി പ്രവർത്തിച്ചുവന്നിരുന്ന യൂണിറ്റ് BHEL ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചതുമുതൽ എല്ലാ വർഷവും തുടർച്ചയായി നഷ്ടം രേഖപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനങ്ങൾ
വിറ്റൊഴിയുന്ന കേന്ദ്രസർക്കാർ നയത്തിന്റെ ദുർഗതി കാസർഗോഡ് ബി എച്ച് ഇ എൽ – ഇ എം എല്ലും നേരിടേണ്ടിവരുമെന്ന അവസ്ഥയിലാണ് കേരള സർക്കാർ മുൻകൈയെടുത്ത്
ഈ പ്രമുഖ സ്ഥാപനത്തെ പൊതുമേഖലയിൽ തന്നെ നിലനിർത്തി സംരക്ഷിക്കാൻ നടപടി സ്വീകരിച്ചത്.
ഈ കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുൻകാലങ്ങളിൽ കമ്പനി വരുത്തിവെച്ച 34 കോടി രൂപയുടെ ബാധ്യതയും ചേർത്ത് 77 കോടിയോളം രൂപ കേരളസർക്കാർ കണ്ടെത്തിയാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ ഏറ്റെടുക്കുന്നത്.
രണ്ടു വർഷമായി
തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ 14 കോടിയോളം രൂപയുടെ
ശമ്പള കുടിശികയും ഇതിൽ ഉൾപ്പെടുന്നു.
കേരള സർക്കാർ തിരികെ ഏറ്റെടുക്കുന്നതോടുകൂടി നിലവിലുള്ള യന്ത്രസാമഗ്രികൾക്കൊപ്പം അത്യാധുനിക സംവിധാനങ്ങളോടെ ഫാക്ടറി പുനരുദ്ധരിച്ച്
ട്രാക്ഷൻ മോട്ടേഴ്സ്,
കൺട്രോളറുകൾ, ആൾട്ടർനേറ്റർ,
റെയിൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ് ഡിഫൻസിന് അനാവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ
സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയവ ഉത്പാദിപ്പിച്ച് മാതൃകാപരമായ ഒരു പൊതുമേഖലാ സ്ഥാപനമായി ഇത് നില നിർത്തും.
പൊതുമേഖലയെ ആധുനീകരിച്ചും സംരക്ഷിച്ചു കൊണ്ടുമാണ് വ്യവസായ വളർച്ചയിലേക്ക് കേരളത്തെ ഈ സർക്കാർ നയിക്കുകയെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ.കെ. ഇളങ്കോവൻ, എ.പി.എം. മുഹമ്മദ് ഹനീഷ്, മുൻ എം.പി പി.കരുണാകരൻ, ഭെൽ ഡയറക്ടർ രേണുക ഗേര എന്നിവർ സംസാരിച്ചു.