ആർഎസ്എസിനെയും കേന്ദ്രത്തെയും വിമർശിക്കരുത്- ഫാക്കൽറ്റി അംഗങ്ങൾക്ക് പെരുമാറ്റച്ചട്ടവുമായി കേന്ദ്രസര്‍വകലാശാല

0
22

 

പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പരാമര്‍ശങ്ങള്‍ നടത്താൻ പാടില്ലെന്ന് കാട്ടി കേരള കേന്ദ്രസര്വകലാശാലയുടെ പുതിയ ഉത്തരവ്. ഫാക്കൽറ്റി അംഗങ്ങൾക്കാണ് പുതിയ പെരുമാറ്റച്ചട്ടം നിര്‍ദ്ദേശിച്ച്‌ കേന്ദ്ര സര്‍വകലാശാല ഉത്തരവിറക്കിയത്. ഏപ്രിലില്‍ നടന്ന ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ ഒരു അധ്യാപകന്‍ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെയും ആര്‍എസ്‌എസിനെയും രൂക്ഷമായി വിമര്‍ശിച്ച സംഭവത്തെ തുടര്‍ന്നാണ് സര്‍വകലാശാല ഉന്നതാധികാര സമിതി പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്.
കേന്ദ്ര സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റേതാണ് തീരുമാനം. പ്രകോപനപരമായ പ്രസ്താവനകളോ പ്രഭാഷണങ്ങളോ അധ്യാപകരുടെയോ ഫാക്കല്‍ട്ടി അംഗങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിർദ്ദേശം ലംഘിച്ചാൽ കർശന അച്ചടക്ക നടപടിയെടുക്കുമെന്നും പെരുമാറ്റച്ചട്ടത്തിലുണ്ട്.
ഒന്നാം സെമസ്റ്റര്‍ എംഎ ഓണ്‍ലൈന്‍ ക്ലാസിനിടെ അസിസ്റ്റന്റ് പ്രൊഫസർ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തെ വിമര്‍ശിക്കുകയും ആര്‍എസ്‌എസിനെ ‘ഫാസിസ്റ്റ് സംഘടന’ എന്ന് വിവാദ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് സര്‍വകലാശാല ഇപ്പോള്‍ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.