ഓണ്‍ലൈന്‍ തട്ടിപ്പ്: പോലീസിന്റെ കോള്‍ സെന്ററിലേക്ക് പരാതിപ്രവാഹം; അഞ്ച് ദിവസത്തിനിടെ 500-ലേറെ പരാതി

0
75

 

ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പിനെതിരേ പരാതിനല്‍കാനുള്ള കേരള പോലീസിന്റെ കോള്‍സെന്ററിലേക്ക് പരാതിപ്രവാഹം. ഉദ്ഘാടനം ചെയ്ത് അഞ്ചുദിവസം പിന്നിട്ടപ്പോള്‍ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ കോള്‍സെന്ററില്‍ അഞ്ഞൂറിലേറെ പരാതികളെത്തി. 183 പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. പരാതികള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ ഒരുപാട് നാളുകള്‍ക്കുമുന്‍പ് നടന്നതായതിനാല്‍ മറ്റുള്ളവ രജിസ്റ്റര്‍ ചെയ്യാനായില്ല.
ആറുദിവസംകൊണ്ട് 14.24 ലക്ഷം രൂപയുടെ തട്ടിപ്പ് തടയാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. ഈ ഇടപാടുകള്‍ തടഞ്ഞുെവച്ചിരിക്കുകയാണ്.

പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈകാതെ പരാതിക്കാരുടെ അക്കൗണ്ടിലേക്ക് പണം തിരിച്ചെത്തും. തട്ടിപ്പുനടന്ന് 48 മണിക്കൂറിനകം സൈബര്‍ ക്രൈം പോര്‍ട്ടല്‍ നമ്പറില്‍ അറിയിച്ചാല്‍ ഇടപാട് റദ്ദാക്കാന്‍ സാധിക്കും.
പോലീസിനെ കൂടാതെ ബാങ്കുകള്‍, ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകള്‍, ഇ-വാലറ്റുകള്‍ എന്നിവയുടെ നോഡല്‍ ഓഫീസര്‍മാരും സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഭാഗമാണ്.
അതുകൊണ്ടുതന്നെ പരാതി രജിസ്റ്റര്‍ ചെയ്താലുടന്‍ തട്ടിപ്പുനടത്തിയ ഇടപാട് തടഞ്ഞുവയ്ക്കാന്‍ സാധിക്കും. തട്ടിപ്പുസംഘങ്ങള്‍ നാലോ അഞ്ചോ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയാലും ഇടപാട് റദ്ദാക്കാന്‍ കഴിയും. ആദ്യ ഇടപാടിനുശേഷം തട്ടിപ്പുകാര്‍ എ.ടി.എം. വഴി പണം പിന്‍വലിച്ചാല്‍ പരാതി പോലീസ് സ്റ്റേഷനിലേക്ക് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും.

രജിസ്റ്റര്‍ ചെയ്യുന്ന പരാതിയുടെ ഒരുപകര്‍പ്പ് പോലീസിനും മറ്റൊന്ന് തട്ടിപ്പുനടന്ന ബാങ്ക്, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും ഉടന്‍ ലഭിക്കും. ഈ സ്ഥാപനങ്ങള്‍ അപ്പോള്‍ത്തന്നെ ആദ്യ നടപടിയായി ഇടപാട് റദ്ദാക്കണമെന്നാണ് നിര്‍ദേശം.

കേന്ദ്രസര്‍ക്കാരിന്റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിങ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തിനു കീഴിലാണ് ഈ കേന്ദ്രീകൃത കോള്‍സെന്റര്‍ സംവിധാനം പ്രവര്‍ത്തിക്കുക. ടോള്‍ഫ്രീ നമ്പര്‍: 155260.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ കാലതാമസമില്ലാതെ ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതി അറിയിക്കണം. 24 മണിക്കൂറും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരാതി നല്‍കാന്‍ വൈകുംതോറും തട്ടിപ്പുതടയാന്‍ ബുദ്ധിമുട്ടാകും.