ലൈഫ്‌മിഷന്‍; ഭവനരഹിതരായ 308 കുടുംബങ്ങള്‍ക്ക് കൂടി കാസര്‍കോട് ജില്ലയില്‍ വീട്

0
31

ഭവനരഹിതരായ 308 കുടുംബങ്ങള്‍ക്ക് കൂടി കാസര്‍കോട് ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ വീട്. ലൈഫ്മിഷനിലൂടെ 9617 കുടുംബങ്ങളുടെ പാര്‍പ്പിട സ്വപ്നമാണ് ജില്ലയില്‍ ഇതുവരെ പൂവണിഞ്ഞത്. കോവിഡും കാലവര്‍ഷവും നിര്‍മാണത്തിന് തടസ്സമായെങ്കിലും നൂറ് ദിവസത്തിനുള്ളില്‍ പതിനായിരം വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമമാണ് മിഷന്‍ നടത്തിയത്. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.

മൂന്ന് ഘട്ടമായാണ് ലൈഫ് മിഷന്‍ വഴി എല്‍ഡിഎഫ് സര്‍ക്കാര്‍ വീട് നല്‍കിയത്. മുന്‍ വര്‍ഷങ്ങളില്‍ വിവിധ പദ്ധതികളിലായി ഭവന നിര്‍മാണ ധനസഹായം ലഭിച്ചുവെങ്കിലും, പാതിവഴിയിലായ വീടുകളാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത്. ഇത്തരത്തിലുള്ള 2920 വീടുകളില്‍ 2876 എണ്ണവും പൂര്‍ത്തിയാക്കി. ഭൂമിയുള്ള ഭവനരഹിതര്‍ക്കായിരുന്നു രണ്ടാം ഘട്ടത്തില്‍ വീട്. പഞ്ചായത്തുകളുമായി കരാറിലേര്‍പ്പെട്ട 3682 പേരില്‍ 3417 വീട് പൂര്‍ത്തിയാക്കി. 265 എണ്ണം വിവിധ ഘട്ടങ്ങളിലാണ്.

ഭൂരഹിത ഭവന രഹിതര്‍ക്ക് പാര്‍പ്പിടം നല്‍കുക എന്ന ദൗത്യമാണ് ലൈഫ്മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഏറ്റെടുത്തത്. സര്‍ക്കാര്‍ ധനസഹായത്തോടെയോ മറ്റോ ഭൂമി ലഭിച്ച 728 പേര്‍ പഞ്ചായത്തുകളുമായി കരാറിലേര്‍പ്പെടുകയും, അതില്‍ 353 പേരുടെ വീട് നിര്‍മിക്കുകയും ചെയ്തു. 375 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.