ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങൡ ശക്തമായ നടപടി: വി.എന്‍. വാസവന്‍

0
48

 

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കില്‍ നടന്നത് പോലെയുള്ള ക്രമവിരുദ്ധമായ സംഭവങ്ങളില്‍ ചെറിയ തോതില്‍ മറ്റ് ചിലയിടങ്ങളിലും നടന്നിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സമഗ്ര നിയമ ഭേദഗതിക്ക് തയ്യാറാകുന്നത്. നിലിവിലെ നിയമത്തിലെ പരിമിതികള്‍ ഒഴിവാക്കി അര്‍ഹമായ ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമ പരിഷ്‌കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. എന്‍ജിഒയൂണിയനും കെജിഒഎയും സംയുക്തമായി സംഘടിപ്പിച്ച സഹകരണ മേഖല വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും എന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ വ്യക്തമായ നിലപാടില്‍ ഉറച്ചു നിന്ന സഹകരണ മേഖല ഇന്ന് വിവിധ തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. കോര്‍പ്പറേറ്റുകളും വന്‍കിട സ്വകാര്യ കമ്പനികളും കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ അവസരം കാത്തിരിക്കുകയാണ്. സാധാരണക്കാരെയും കര്‍ഷകരെയും ചൂഷണം ചെയ്യുന്ന ഇത്തരക്കാര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോകുന്നത് സഹകരണ മേഖല ശക്തമായി നിലകൊള്ളുന്നത് കൊണ്ടാണ്. അതുകൊണ്ടു തന്നെ സഹകരണ രംഗം തര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ കരുവന്നൂര്‍ ബാങ്കില്‍ നടന്ന പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയുധമാക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണം. സര്‍ക്കാര്‍ സഹകരണ മേഖലയ്‌ക്കെതിരായ ഏതു നീക്കവും കരുതലോടെ തടയും.

കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കാനും കൈയടക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏതു നീക്കവും നിയമപരമായി തന്നെ നേരിടും. അതുപോലെ തന്നെ ശക്തമായ പ്രതിരോധവും തീര്‍ക്കും. നോട്ട് നിരോധന സമയത്ത് സഹകരണ ബാങ്കുകള്‍ക്കെതിരായ നീക്കമുണ്ടായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിന്റെ മുന്നില്‍ മന്ത്രിമാരടക്കം അണിനിരന്ന പ്രതിരോധം. അതിന് ശേഷമാണ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗാരന്റി പ്രഖ്യാപിച്ചത്. ചൂഷണ രഹിത സമൂഹം കേരളത്തില്‍ കെട്ടിപടുക്കുന്നതില്‍ സഹകരണ മേഖലയും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. വരും തലമുറയ്ക്കും സഹകരണ മേഖലയുടെ ഗുണങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ കരുതലാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വെബിനാറില്‍ സഹകരണ സെക്രട്ടറി മിനി ആന്റണി, ബിഇഎഫ്‌ഐ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.ടി. അനില്‍ കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കെജിഒഎ ജനറല്‍ സെക്രട്ടറി ഡോ. എസ്.ആര്‍. മോഹനചന്ദ്രന്‍, എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.എ. അജിത്ത് കുമാര്‍ എന്നിവരും വെബിനാറില്‍ പങ്കെടുത്തു.