നിപ ബാധിച്ച് 12കാരന്‍ മരിക്കാനിടയായ ചാത്തമംഗലത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വവ്വാലിനെ അവശ നിലയില്‍ കണ്ടെത്തി. മുക്കം മുന്‍സിപ്പാലിറ്റിയിലെ മുത്താലം എന്ന സ്ഥലത്താണ് വവ്വാലിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃഗസംരക്ഷണ അധികൃതര്‍ എത്തി വവ്വാലിനെ കൊണ്ടുപോയി. ഇതിന്റെ സാംപിള്‍ ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ചെറൂപ്പ, ഓമശ്ശേരി ഭാഗങ്ങളില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചത്ത വവ്വാലുകളെ കണ്ടെത്തിയിരുന്നു. ഇവയുടെ സാംപിളുകളും പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ചാല്‍ വൈറസിന്റെ ഉറവിടം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ചത്ത നിലയിലും അവശ നിലയിലും വവ്വാലുകളെ കണ്ടെത്തിയ സ്ഥലങ്ങളെല്ലാം നിപ ബാധിച്ച് കുട്ടി മരിക്കാനിടയായ പ്രദേശത്തിന്റെ അയല്‍ പ്രദേശങ്ങളായതിനാല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.