യോഗി സര്‍ക്കാരിനെ വിമര്‍ശിച്ചു: മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി

0
18

 

യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി യു പി പൊലീസ്. അസീസ് ഖുറേഷിയ്ക്കെതിരെയാണ് യുപി പൊലീസ് രാജ്യദ്രോഹം ചുമത്തി കേസെടുത്തിരിക്കുന്നത്. ബിജെപി നേതാവ് ആകാശ് കുമാര്‍ സക്സേനയുടെ പരാതിയിലാണ് കേസ്. ഖുറേഷിയുടെ പരാമര്‍ശം സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്നതുമാണെന്നാണ് സക്സേനയുടെ പരാതി. തുടർന്നാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്നു അദ്ദേഹം. രക്തം ഊറ്റിക്കുടിക്കുന്ന ദുര്‍ഭൂതത്തെപ്പോലെയാണ് യോഗി സര്‍ക്കാര്‍ എന്നായിരുന്നു ഖുറേഷിയുടെ പരാമര്‍ശം. സെക്ഷന്‍ 153 എ, 153 ബി, 124 എ, 505 (1) (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസില്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു.ഉത്തര്‍പ്രദേശിന്റെ താല്‍ക്കാലിക ഗവര്‍ണറായും ഖുറേഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്.