തമിഴ് സൂപ്പര്‍ താരം അജിത്ത് സാഹസിക ബൈക്ക് യാത്ര റഷ്യയില്‍

0
19

തമിഴ് സൂപ്പര്‍ താരം ‘തല’ അജിത്തിന് കാറുകളോടും ബൈക്കുകളോടുമുള്ള താല്‍പര്യം പ്രസിദ്ധമാണ്. ഇന്ത്യന്‍ നഗരങ്ങളില്‍ നടക്കുന്ന ഫോര്‍മുല-3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളിലും ബൈക്ക് സ്റ്റണ്ടിംഗുകളിലും ഒക്കെ പങ്കെടുക്കുന്ന താരത്തിന്റെ ഒട്ടേറെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളിലുണ്ട്. ഇപ്പോള്‍, അജിത്ത് റഷ്യയിലുടനീളം ഒരു സാഹസിക ബൈക്ക് യാത്ര നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തലയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, വരാനിരിക്കുന്ന ‘വലിമൈ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി റഷ്യയിലെത്തിയതായിരുന്നു താരം.

തന്റെ ഷൂട്ടിംഗ് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ അജിത്ത് ഇപ്പോള്‍ സാഹസിക ബൈക്ക് യാത്രയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ബൈക്ക് യാത്ര നടത്തുന്ന നടന്റെയും, സഹയാത്രികരുടെയും പല ചിത്രങ്ങളും ആരാധകര്‍ ഇന്റര്‍നെറ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. റൈഡിംഗ് ഗിയറുകള്‍ ധരിച്ച്‌ നില്‍ക്കുന്ന അജിത്തിന്റെ ചിത്രങ്ങള്‍ താരത്തിന്റെ പല ഫാന്‍ പേജുകളിലും കാണാം. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്ബ് താരം ഇരുചക്രവാഹനത്തില്‍ 5000 കിലോമീറ്റര്‍ യാത്ര ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ബിഎംഡബ്ല്യു ആര്‍ 1250 ജിഎസിലാണ് റഷ്യയില്‍ താരത്തിന്റെ സഞ്ചാരം. ഇന്ത്യയിലേക്ക് തിരിച്ച്‌ എത്തുന്നതിന് മുമ്ബ് 5000 കിലോമീറ്റര്‍ ബൈക്കില്‍ അദ്ദേഹം പൂര്‍ത്തിയാക്കുമെന്നാണ് വിവരങ്ങള്‍. അജിത്ത് ഉടന്‍ തന്നെ തന്റെ ബൈക്കില്‍ ഒരു ലോക പര്യടനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ആളുകളെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകപര്യടനത്തിനുള്ള ഒരു വാം അപ്പ് ട്രിപ്പായിട്ടാണ് താരം റഷ്യയിലെ ബൈക്ക് യാത്ര നടത്തുന്നത്.

കൂടാതെ മുൻപ് ലോക പര്യടനം നടത്തിയിരുന്ന ബൈക്ക് റൈഡേഴ്‌സിനോട് അജിത്ത് ഉപദേശങ്ങള്‍ ആരാഞ്ഞിരുന്നുവെന്നും പറയുന്നു. 2004ല്‍ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അജിത്തിന്റെ ബൈക്ക് യാത്രകളോടുള്ള ഇഷ്ടം പരസ്യമായി പുറത്തുവരുന്നത് ഇത് ആദ്യമായല്ല. നേരത്തെ, വലിമൈയുടെ ഇന്ത്യയിലെ ഷൂട്ടിംഗ് ഇടവേളയില്‍ അജിത്ത് വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് 10,800 കിലോമീറ്ററിലധികം ദൂരം ബൈക്കില്‍ സഞ്ചരിച്ചിരുന്നു. ഇതും ലോകപര്യടനത്തിനായുള്ള പരിശീലനത്തിന്റെ ഭാഗമാണെന്ന് പറയുന്നു.

നേരത്തെ, വലിമൈയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നടന്‍ റഷ്യയിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ദിവസങ്ങളോളം എടുത്താണ് റഷ്യയിലെ തീവ്രമായ ആക്ഷന്‍ സീക്വന്‍സുകള്‍ താരം പൂര്‍ത്തികരിച്ചത്. തന്റെ രംഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷമാണ് അജിത്ത് യാത്രയ്ക്ക് പുറപ്പെട്ടത്. മറ്റ് താരങ്ങളുടെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ഷൂട്ടിംഗ് ക്രൂ, റഷ്യയില്‍ തന്നെ തുടരുന്നുണ്ട്.