ഉമ്മൻചാണ്ടിയെ പുറകിൽ നിന്ന് കുത്തി ടി സിദ്ധീഖും, വിശ്വസ്തന്റെ കാലുമാറ്റത്തിൽ അന്തംവിട്ട് ‘എ’ ഗ്രൂപ്പ്
ഒടുവിൽ ഉമ്മൻചാണ്ടിയുടെ കാലുവാരി ടി സിദ്ദീഖ്. ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി പ്രവർത്തകസമിതി അംഗവുമായ ഉമ്മന്‍ചാണ്ടിയെ തള്ളി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ് പരസ്യമായി രംഗത്തുവന്നത്. വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് സിദ്ധീഖ് തന്റെ ഗ്രൂപ്പ് നേതാവ് കൂടിയായ ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞത്.
പുന:സംഘടന സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നെന്ന് സിദ്ധിഖ് പറഞ്ഞു. ആരുമായും ചർച്ച നടത്തിയില്ലെന്ന ചില നേതാക്കളുടെ വാദത്തിൽ കഴമ്പില്ല. എല്ലവരുമായും വിശദമായി ചർച്ച നടത്തി. അഭിപ്രായങ്ങൾ കേട്ട ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. അല്ലാതെ എപ്പോൾ ചിലർ പറയുന്നതുപോലെ ചർച്ച നടത്താതെയാണ് ഡിസിസി ഭാരവാഹികളെ തീരുമാനിച്ചതെന്ന് പറയുന്നത് ശരിയല്ലെന്നും സിദ്ധീക്ക് ഉമ്മൻചാണ്ടിയെ ലക്ഷ്യമിട്ട് പറഞ്ഞു. കോണ്‍ഗ്രസില്‍ അടിമുതല്‍ മുടിവരെ കാതലായ മാറ്റം നടക്കുകയാണ്. ഏതു അംഗീകരിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും സിദ്ധിഖ് പറഞ്ഞു.
പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടന്നിരുന്നു. കെപിസിസി പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി സംഘടനാ വിഷയങ്ങളും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണവുമെല്ലാം മണിക്കൂറുകളോളം ചര്‍ച്ച ചെയ്തത്. എല്ലാവരുമായും കൂടിക്കാഴ്ച നടന്നിരുന്നു, സിദ്ധിഖ് പറഞ്ഞു. ചെന്നിത്തലക്കെതിരെ രംഗത്തുവന്നതിനുപിന്നാലെ സിദ്ധീഖ് ഉമ്മൻചാണ്ടിയെയും തള്ളിപ്പറഞ്ഞത് എ ഗ്രൂപ്പിൽ വലിയ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയം ഉണ്ടാകില്ലെന്ന് ടി സിദ്ധിഖ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയുമായി വൈകാരിക ബന്ധമാണുള്ളതെന്നും അദ്ദേഹത്തെ ഇരുട്ടില്‍ നിര്‍ത്തിയിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.
കൽപ്പറ്റയിൽ സിദ്ധീഖിനെ സ്ഥാനാർത്ഥിയാക്കാൻ വാശി പിടിച്ചത് ഉമ്മൻചാണ്ടിയായിരുന്നു. തന്റെ ഏറ്റവുമടുത്ത വിശ്വസ്തൻ എന്ന നിലയിലാണ് ചാണ്ടി സിദ്ധീഖിനെ കൊണ്ടുനടന്നതും. നിർണായകഘട്ടങ്ങളിൽ തനിക്കൊപ്പം നിന്ന യുവ നേതാവ് സിദ്ധീഖ് എന്നെന്നും ഉമ്മൻചാണ്ടി പലരോടും പറഞ്ഞിരുന്നു. ഇതിന്റെ പ്രത്യുപകാരമെന്ന നിലയിലാണ് സിദ്ധീഖിനെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാക്കിയത്. ഇതൊന്നും കണക്കിലെടുക്കാതെയാണ് സിദ്ധീഖ് ഉമ്മൻചാണ്ടിയെ പുറകിൽ നിന്നും കുത്തിയത്.
എംഎൽഎ സ്ഥാനവും കെപിസിസി വർക്കിങ് പ്രസിഡന്റ് പദവിയും കിട്ടിയപ്പോൾ സിദ്ധീഖ് കഴിഞ്ഞതെല്ലാം മറക്കുകയാണെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ ആരോപിച്ചു. ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞോട്ടെ, എന്നാൽ, ഉമ്മൻചാണ്ടിയെ കുത്തി മറുകണ്ടം ചാടാൻ സിദ്ധീഖിന് എങ്ങനെ കഴിഞ്ഞുവെന്നാണ് ഒരു വിഭാഗം നേതാക്കൾ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ടി സിദ്ദിഖിനെതിരെ എ ഗ്രൂപ്പിനുള്ളിൽ നിന്നുതന്നെ എതിർപ്പുകൾ ഉയർന്നിരുന്നു.