കശ്മീരിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്‌; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി താലിബാന്‍

0
57

കശ്മീരില്‍ ഉള്‍പ്പെടെ എവിടെയും മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന മുന്നറിയിപ്പുമായി ഭീകര സംഘടനയായ താലിബാൻ. അഫ്ഗാനിസ്ഥാന്‍ പ്രദേശം താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് കാശ്മീർ വിഷയത്തിൽ മുന്നറിയിപ്പുമായി താലിബാൻ രംഗത്തുവന്നത്. എന്നാൽ, ഒരു രാജ്യത്തിനെതിരെയും ആയുധം ഉയര്‍ത്താനുള്ള നയം ഗ്രൂപ്പിന് ഇല്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

ഞങ്ങള്‍ മുസ്ലീങ്ങളായതിനാല്‍ ‘കശ്മീരിലും ഇന്ത്യയിലും മറ്റേതെങ്കിലും രാജ്യത്തും മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്.’ ബിബിസി ഉര്‍ദുവിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. ‘ഞങ്ങള്‍ ശബ്ദം ഉയര്‍ത്തുകയും മുസ്ലീങ്ങള്‍ നിങ്ങളുടെ സ്വന്തം ജനങ്ങളാണെന്നും നിങ്ങളുടെ സ്വന്തം പൗരന്മാരാണെന്നും ഞങ്ങള്‍ പറയും. നിങ്ങളുടെ നിയമപ്രകാരം അവര്‍ക്ക് തുല്യ അവകാശങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ട്,’ സുഹൈല്‍ ഷഹീന്‍ പറഞ്ഞു.
കശ്മീരിനെക്കുറിച്ച്‌ ഗ്രൂപ്പ് നേരത്തെ നടത്തിയ പ്രസ്താവനകളില്‍ നിന്ന് വ്യത്യസ്തമാണ് ഷഹീന്റെ പരാമര്‍ശങ്ങള്‍. കശ്മീര്‍ ഒരു അന്താരാഷ്ട്ര പ്രശ്‌നമാണെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നുമായിരുന്നു നേരത്തെ താലിബാന്റെ നിലപാട്.
അഫ്ഗാനിസ്ഥാന്റെ ഭൂമി ഒരു തരത്തിലുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു. ഇന്ത്യയ്‌ക്കെതിരേ ആക്രമണം നടത്താനും ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനത്തിനും അഫ്ഗാന്‍ മണ്ണ് വിനിയോഗിക്കരുതെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്കുള്ള ആശങ്കയും ഖത്തര്‍ അംബാസിഡര്‍ ദീപക് മിത്തല്‍ മുതിര്‍ന്ന താലിബാന്‍ നേതാവ് ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സെയുമായി പങ്കുവച്ചിരുന്നു.