കോവിഡിന്റെ പുതിയ ‘മ്യു’ (ബി.1.621) വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന

0
48

കോവിഡിന്റെ പുതിയ ‘മ്യു’ (ബി.1.621) വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നിലവിലെ വാക്സിനുകളെ ചെറുക്കാന്‍ അതിന് ശേഷിയുണ്ടെന്നും ലോകാരോഗ്യ സംഘടന. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

കൊളംബിയയില്‍ ജനുവരിയിലാണ് ‘മ്യു’ വകഭേദം കണ്ടെത്തിയത്. പിന്നാലെ ബ്രിട്ടന്‍, അമേരിക്ക, ഹോങ്കോങ് എന്നിവിടങ്ങളിലും കണ്ടെത്തി. മ്യു വകഭേദത്തിന്റെ വ്യാപനത്തോത് ആഗോളതലത്തില്‍ 0.1 ശതമാനത്തില്‍ താഴെയാണെങ്കിലും കൊളംബിയയില്‍ ഇത് 39 ശതമാനമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. വൈറസുകള്‍ക്ക്​ വകഭേദം സംഭവിക്കുന്നതിലൂടെ വാക്​സിന്റെ ഫലപ്രാപ്​തി സംബന്ധിച്ച ആശങ്കയ്ക്ക്​ ഇടയാക്കുമെന്നും കൂടുതല്‍ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം ‘സി. 1.2’നെപ്പറ്റി ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇത് വ്യാപകമായി പടരുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ഡബ്ല്യുഎച്ച്‌ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.