മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക; മുഖ്യമന്ത്രിയ്ക്ക് പരാതി

0
43

 

ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കര്ണാടകത്തിലേക്ക് പോയ മലയാളി കർഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക അധികൃതര്‍. ബാവലി ചെക് പോസ്റ്റില്‍ വെച്ച് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് ചാപ്പ കുത്തിയത്. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കര്‍ണാടക ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ചാപ്പയടിച്ച് വിടുന്നതെന്നാണ് വിവരം. വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളില്‍ സീല്‍ പതിപ്പിച്ച് കടത്തി വിടുന്നത്.
ആര്‍ടിപിസിആര്‍ എടുത്ത ആളുകളെ പോലും കർണാടകത്തിലേക്ക് കടത്തിവിടാത്ത സ്ഥിതി നിലനിൽക്കുന്നുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോൾ ദേഹത്ത് ചാപ്പ കുത്തുന്നത്. പടിഞ്ഞാറെത്തറ സ്വദേശി അടക്കമുള്ളവരുടെ ദേഹത്താണ് ചാപ്പ കുത്തിയത്. രണ്ട് വാക്‌സിനും എടുത്ത ആളാണ് താനെന്നും സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ അത് പോരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും തുടര്‍ന്ന് താന്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ അവര്‍ അതും അംഗീകരിക്കാതെ ദേഹത്ത് ചാപ്പകുത്തുകയായിരുന്നെന്നും പടിഞ്ഞാറെത്തറ സ്വദേശി പറഞ്ഞു.
ചാപ്പ കുത്തുന്നതിനെ എതിർത്താൽ ബലം പ്രയോഗിച്ച് സീൽ പഠിപ്പിക്കുകയാണ് കർണാടക ഉദ്യോഗസ്ഥർ. പലയിടങ്ങളിലും പരിശോധനയുടെ മറവിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉദ്യോഗസ്ഥർ നടത്തുന്നത്. കഴിഞ്ഞദിവസം കുടകിലേക്ക് പോകുകയായിരുന്ന മലയാളികളെ മണിക്കൂറുകളോളമാണ് തടഞ്ഞുവെച്ചത്. കര്ണാടകക്കാർ പോയശേഷമേ മലയാളികളെ കടത്തിവിടാൻ കഴിയുകയുള്ളുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇന്ത്യയില്‍ എവിടേയും പോകാമെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ, ഇത് അംഗീകരിക്കാൻ കർണാടകത്തിലെ ബിജെപി സർക്കാർ തയ്യാറായിട്ടില്ല. ആശുപത്രികളിലേക്ക് പോകുന്നവരെ വരെ ഇത്തരത്തിൽ അകാരണമായി തടഞ്ഞുനിർത്തി ദ്രോഹിക്കുകയാണ് ചില ഉദ്യോഗസ്ഥർ. വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചാൽപോലും അതിർത്തി കടക്കാൻ വിടാത്ത സ്ഥിതിയാണ്.
സംഭവത്തില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കര്‍ഷകര്‍ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ രേഖാമൂലം പരാതി നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.