Breaking – അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ പലരും നാലണ മെമ്പര്‍ പോലുമാകുമായിരുന്നില്ല, ആഞ്ഞടിച്ച് ചെന്നിത്തല

0
104

 

 

അന്തിമപോരാട്ടത്തിന്‌ എ, ഐ ഗ്രൂപ്പുകൾ പടയൊരുക്കം നടത്തുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനേയും കെപിസിസി പ്രസിഡന്റ് കെ സുധാകരനേയും ഉന്നംവെച്ച് രമേശ് ചെന്നിത്തല. മുമ്പ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോൾ വലിയ തോതിൽ സംസാരിക്കുന്ന പലരും പാർട്ടിയുടെ നാലണ മെമ്പർ പോലുമാകില്ലായിരുന്നുവെന്ന് ചെന്നിത്തല തുറന്നടിച്ചു. കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത് ഞാനും ഉമ്മന്‍ചാണ്ടിയും ചേർന്നാണ്. അന്നൊന്നും ഈ പറയുന്ന പലരെയും കണ്ടിട്ടില്ല. അതുകൊണ്ടു അച്ചടക്കത്തിന്റെ പേര് പറഞ്ഞ് എല്ലാവരെയും നിശ്ശബ്ദരാക്കാൻ പറ്റില്ലെന്നും ചെന്നിത്തല പരസ്യമായി ആഞ്ഞടിച്ചു. കോട്ടയം ഡിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുതിര്‍ന്ന നേതാവെന്ന് നിങ്ങള്‍ പറയുന്നു. എനിക്ക് അതിന് മാത്രം പ്രായം ഒന്നും ആയിട്ടില്ല. 63 വയസ് കഴിഞ്ഞ് 64 ലേക്ക് പോകുന്നു. ഈ പറയുന്ന പലരും 74 ഉം 75 ഉം കഴിഞ്ഞവരാണ്. അച്ചടക്കത്തെ പറ്റിയും ഇവിടെ കുറച്ചുനാള്‍ വലിയ സംസാരമുണ്ട്. അച്ചടക്കെത്തെ പറ്റി പലരും സംസാരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. മുന്‍കാല പ്രാബല്യത്തോടെ ആണെങ്കില്‍ എത്രപേര്‍ കോണ്‍ഗ്രസിലുണ്ടാവുമായിരുന്നു. അതുകൊണ്ട് അതൊന്നും പറയേണ്ട- ചെന്നിത്തല വെല്ലുവിളി സ്വരത്തിൽ പറഞ്ഞു.
ഡിസിസി അധ്യക്ഷ നിയമനത്തില്‍ തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ച 17 വര്‍ഷകാലം വലിയ നേട്ടം കൈവരിച്ചെന്നും അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. തന്നോട് ആലോചിക്കേണ്ട കാര്യമില്ല. താന്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കണമായിരുന്നെന്നു.
കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരന്‍ പോയപ്പോള്‍ ഉമ്മന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞു. 17 വര്‍ഷം താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ചു. താന്‍ കെ പി സി സി പ്രസിഡന്റും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായി. ആ കാലയളവില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായതെന്നും ചെന്നിത്തല വ്യക്തമാക്കി. ത്യാഗോജ്വലമായ പ്രവര്‍ത്തനം ആണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോണ്‍ഗ്രസ് നടത്തിയത്. കെ കരുണാകരനും കെ മുരളീധരനും പാര്‍ട്ടിയില്‍ പിന്നീട് തിരിച്ചു വന്നെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.