സിനിമയെ വെല്ലുന്ന കൊലപാതകം വര്‍ഷങ്ങള്‍ക്കിപ്പുറം മരിച്ചതായി കണക്കാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു

0
68

ലക് നൗ: നിര്‍ണായകമായ കേസില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മരിച്ചതായി കണക്കാക്കിയ യുവാവിനെ അറസ്റ്റ് ചെയ്ത് യുപി പൊലിസ്. യുപിയിലെ കാസ് ജംഗ് ജില്ലയിലാണ് സംഭവം. ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട പ്രതി മരിച്ചതായി പൊലിസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നതായി മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ റോഹന്‍ പ്രമോദ് ബോതര്‍. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 34കാരനായ രാകേശാണ് അറസ്റ്റിലായത്. ഗ്രേറ്റര്‍ നോയിഡയിലെ ഒരു സ്വകാര്യ ലാബില്‍ പാതോളജിസ്റ്റായി ജോലി നോക്കിയിരുന്ന രാകേശ് യുപി പൊലിസിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

രാകേശിനെ കൂടാതെ അയാളുടെ കാമുകിയും രാകേശിന്‍്റെ കുടുംബാംഗങ്ങളായ മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തിന്‍്റെ പല ഘട്ടങ്ങളിലും രാകേശിന് കുടുംബാംഗങ്ങളുടെ സഹായമുണ്ടായതായി പൊലിസ് വ്യക്തമാക്കി. രാകേശിന്‍്റെ പിതാവ് ഒരു റിട്ടയേര്‍ഡ് പൊലിസുകാരനാണ്.

ഗ്രേറ്റര്‍ നോയിഡയിലെ വീട്ടില്‍ നിന്നും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കുട്ടികളുടെ ചെരിപ്പുകളും തറ കുഴിക്കാന്‍ ഉപയോഗിച്ചിരുന്ന സാമഗ്രികളും കഴിഞ്ഞ ദിവസം പൊലിസ് കുഴിച്ചെടുത്തിരുന്നു. കൊലപാതക പരമ്ബരയെ കുറിച്ച്‌ പൊലിസ് പറയുന്നതിങ്ങനെ:- മൂന്ന് വയസും പതിനെട്ട് മാസവും പ്രായമുള്ള രണ്ട് കുട്ടികളേയും ഭാര്യയേയും 2018 ഫെബ്രുവരിയിലാണ് രാകേശ് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കുഴിച്ചിട്ടത്. ശേഷം സിമന്‍്റ് ഉപയോഗിച്ച്‌ കുഴി മൂടി. ഭാര്യയേയും മക്കളേയും കാണാതായി ഇയാള്‍ പൊലിസില്‍ പരാതിയും നല്‍കി. യുവതിയേയും കുട്ടികളേയും കുറിച്ച്‌ പൊലിസ് അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചില്ലെന്ന് കാസ് ജംഗ് പൊലിസ് മേധാവി റോഹന്‍ പ്രമോദ് ബോതര്‍ പറയുന്നു.

മാസങ്ങള്‍ക്ക് ശേഷം രാകേശിന്‍്റെ ഭാര്യാ പിതാവ് മകളേയും പേരക്കുട്ടികളേയും കാണാനില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ചു. തുടര്‍ന്ന് നോയിഡ പൊലിസ് കേസ് ഫയല്‍ ചെയ്തു. തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയില്ല.

ഇതിനിടെ, പൊലിസ് പിന്നാലെ കൂടാതിരിക്കാന്‍ രാകേശും കാമുകിയും ചേര്‍ന്ന് മറ്റൊരു കൊലപാതകം കൂടി നടത്തിയതായും പൊലിസ് പറഞ്ഞു. രാകേശിന്‍്റെ അതേ പ്രായവും രൂപസാദൃശ്യവുമുള്ള ഒരാളെ കണ്ടെത്തി അയാളെ കൊലപ്പെടുത്തി. മൃതദേഹത്തില്‍ രാകേശിന്‍്റെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. മൃതദേഹത്തില്‍ നിന്നും കൈകള്‍ മുറിച്ചുമാറ്റി. ബാക്കി ശരീരഭാഗങ്ങള്‍ കത്തിച്ച്‌ വികൃതമാക്കി. ശേഷം തന്‍്റെ ഐഡി കാര്‍ഡ് മൃതദേഹത്തിനരികെ ഉപേക്ഷിച്ച്‌ രാകേശും കാമുകിയും രക്ഷപ്പെട്ടുവെന്നും പൊലിസ് മേധാവി പറഞ്ഞു.

കൊല്ലപ്പെട്ട യുവാവിന്‍്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡി എന്‍ എ പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് കൊല്ലപ്പെട്ടത് രാകേശ് അല്ലെന്ന് പൊലിസിന് വ്യക്തമായത്. ഇതോടെ പൊലിസ് വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഹരിയാനയില്‍ ദിലിപ് ശര്‍മ എന്ന പേരില്‍ താമസിക്കുന്ന രാകേശിലേയ്ക്ക് അന്വേഷണമെത്തി. ചോദ്യം ചെയ്യലിലാണ് രാകേശ് കുറ്റങ്ങള്‍ സമ്മതിച്ചത്. പാതോളജിസ്റ്റ് ആയതിനാല്‍ തെളിവുകള്‍ ബാക്കി വെയ്ക്കാതെയാണ് രാകേശ് കൊലപാതകങ്ങള്‍ നടത്തിയിരുന്നതെന്ന് പൊലിസ് പറയുന്നു. കാമുകിക്കൊപ്പം ജീവിക്കാനാണ് രാകേശ് കൊലപാതകങ്ങള്‍ നടത്തിയതെന്നും പൊലിസ് വ്യക്തമാക്കി.