സൗദിയിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വിലക്കേർപ്പെടുത്തി. സൗദി പ്രസ് ഏജന്‍സി അറിയിച്ചതാണ് ഇക്കാര്യം. ഒന്നര വര്‍ഷത്തിലധികം നീണ്ട ഇടവേളക്കുശേഷം വീണ്ടും സ്കൂളുകള്‍ തുറന്നതോടെ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പ്രവേശിക്കാന്‍ തവക്കാല്ന ആപ്പിലെ അവരുടെ ആരോഗ്യസ്ഥിതി കാണിക്കാന്‍ സൗകര്യത്തിന് സ്മാര്‍ട്ട് ഫോണുകള്‍ കൈയില്‍ വെക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
ഈ അനുമതിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്. മൊബൈല്‍ ഫോണ്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി. ഫോണുകളുടെ ദുരുപയോഗം മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കപ്പെടാനും വിദ്യാര്‍ഥികളുടെ ശ്രദ്ധ പഠനകാര്യത്തില്നിന്ന് തെന്നിമാറാനും സാധ്യതയുണ്ടെന്നും മന്ത്രാലയം നിരീക്ഷിക്കുന്നു. മൊബൈല്‍ ഫോണ്‍ വിലക്കിയതോടെ തവല്ക്കാനയിലെ ആരോഗ്യസ്ഥിതി മൊബൈലില്‍ കാണിക്കുന്നതിന് പകരം ഇതിെന്റ പ്രിന്റഡ് കോപ്പി കൈയ്യില്‍ കരുതാനാണ് കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്കൂളില്‍ പ്രവേശിക്കുന്ന സമയത്ത് ഈ പ്രിന്റഡ് കോപ്പി കാണിക്കണം. കൂടാതെ ‘തവക്കല്‍ന’യുടെ വെബ് പോര്‍ട്ടലില്‍നിന്ന് വിദ്യാര്‍ഥികളുടെ ദൈനംദിന ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചറിയാനും സ്കൂള്‍ അധികൃതരോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍, സ്കൂളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഫോണ്‍ ആവശ്യമാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കൈവശം വെക്കാം. ചികിത്സ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും ഇളവുണ്ട്. സ്കൂളിലും പരിസരത്തും മൊബൈല്‍ ഫോണ്‍ കാമറ ഉപയോഗിച്ച് ഫോട്ടോയോ വിഡിയോ ചിത്രീകരിക്കാന്‍ പാടില്ല.
അത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ബാധകമാണ്. ഇത് നിയമലംഘനമായി കണക്കാക്കും. സ്കൂളുകളില്‍ മൊബൈല്‍ ഉപയോഗിക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇത് കൃത്യമായി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാെണന്നും മന്ത്രാലയം പറഞ്ഞു. നിയമങ്ങള്‍ തെറ്റിച്ച് സ്കൂളുകളില്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ ഒരു വര്‍ഷം തടവും അഞ്ചുലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന രീതികളില്‍ ഫോട്ടോഗ്രഫി, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിക്കല്‍, പൊതു സദാചാരം ലംഘിക്കല്‍, അത്തരത്തിലുള്ള എന്തെങ്കിലും പ്രസിദ്ധീകരിക്കല്‍ എന്നിവ കണക്കിലെടുത്താണ് പുതിയ വിലക്ക്.