സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറന്നേക്കും : തീരുമാനം ഉടൻ

0
72

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണിച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്‌കൂളുകളുകൾ തുറക്കുന്നതിന്റെ പ്രായോഗികത പഠിക്കാനുള്ള വിദഗ്ധ സമിതിയെ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയാൽ ഏതെല്ലാം ക്ലാസുകൾ ആദ്യം തുറക്കാമെന്നും എന്തെല്ലാം സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നതും സംബന്ധിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോർട്ടും മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രി കൊവിഡ് സാഹചര്യം വിലയിരുത്തുന്ന ആരോഗ്യവിദഗ്ധരടങ്ങുന്ന വിദഗ്ധസമിതിയുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുകയെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താനായി ഇന്നലെ മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധരടക്കമുള്ളവരുമായി നടത്തിയ ആശയവിനിമയത്തിൽ നിയന്ത്രണങ്ങളോടെ സ്‌കൂളുകൾ തുറക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നതായും ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിൽ വിദഗ്ധർ വ്യക്തമാക്കിയത്. വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനാൽ അധികം വൈകാതെ തന്നെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. രാത്രി കർഫ്യൂവും ലോക്ഡൗണും ഒഴിവാക്കി, സ്‌കൂളുകൾ ഉൾപ്പെടെ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊവിഡ് നിർണയത്തിന് ആന്റിജൻ ടെസ്റ്റുകൾക്കു പകരം ആർ.ടി.പി.സി.ആർ പരിശോധന മാത്രമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.