ഡിസിസി പുനസംഘടന: തലസ്ഥാനത്ത് കൂട്ടരാജി, കർഷക കോണ്‍ഗ്രസ് നേതാവുള്‍പ്പടെ ഇടതുപക്ഷത്തേക്ക്

0
73

ഡിസിസി പുനസംഘടനയില്‍ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി. കർഷക കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് അനിൽ കോണ്‍ഗ്രസ് വിട്ടു. അനിലിനൊപ്പം നൂറോളം പാർട്ടി പ്രവർത്തകർ രാജി സമർപ്പിച്ചത്. നിയുക്ത ഡിസിസി അധ്യക്ഷനായി പാലോട് രവിയെ പ്രഖ്യാപിച്ചതിനുശേഷം തലസ്ഥാനത്ത് പാർട്ടിയില്‍ രൂപപ്പെട്ട അസ്വാസ്ഥ്യത്തിന്റെ തുടർച്ചയാണ് കൂട്ടരാജി. ജാതിയും മതവും അനുസരിച്ചാണ് പാർട്ടിയില്‍ കാര്യങ്ങൾ നടക്കുന്നതെന്നും കെ എസ് അനില്‍ ആരോപിച്ചു. എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമായ കടന്നപ്പള്ളി രാമചന്ദ്രന്റെ കോൺഗ്രസ്സ് എസ്സിലേക്കാണ് പോകുന്നതെന്നും അനില്‍ വ്യക്തമാക്കി.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും നിയുക്ത ഡിസിസി അധ്യക്ഷന്‍ പാലോട് രവിയ്ക്കും എതിരെ പരസ്യ വിമർശനം ഉന്നയിച്ച മുൻ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് വരെ കോണ്‍ഗ്രസ് കടന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച പി എസ് പ്രശാന്ത് ഇടതുപക്ഷത്തേക്ക് എത്തിയേക്കുമെന്ന സൂചന ശക്തമാകുന്നതിനിടെയാണ് കൂടുതല്‍ തലസ്ഥാന നഗരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ രാജി. പ്രശാന്ത് ഇടതുപക്ഷത്തേക്ക് എത്തുന്ന പക്ഷം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കൂടുതൽ കോൺഗ്രസ് പ്രവർത്തകർ ഇടതുപക്ഷത്തേക്ക് എത്തുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ ശേഷം ഒരു പാര്‍ട്ടിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് ഏറ്റവും ഒടുവില്‍ ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് പിഎസ് പ്രശാന്ത് അവസാനമായി പ്രതികരിച്ചത്.