ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ ടെലഗ്രാം ഒരു ബില്യണ്‍ ഡൗണ്‍ലോഡ് നേട്ടവുമായി മുന്നില്‍

0
57

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ ടെലഗ്രാം ഒരു ബില്യൺ ഡൗൺലോഡ് നേട്ടവുമായി മുന്നിൽ. സെൻസർ ടവർ റിപ്പോർട്ട് അനുസരിച്ച്‌ ഒരു ബില്യൺ ഡൗൺലോഡ് പൂർത്തിയാക്കിയ ആപ്പുകളുടെ എലൈറ്റ് ക്ലബിൽ ഇനി ടെലഗ്രാമുമുണ്ടാകും. ദുബായ് ആസ്ഥാനമായുള്ള ആപ്പ് 2013 അവസാനത്തോടെയാണ് പുറത്തിറക്കിയത്. വെള്ളിയാഴ്ചയാണ് ആപ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്. ടെലഗ്രാമിന്റെ മുഖ്യ എതിരാളിയായ വാട്ട്‌സ്‌ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് മാർക്കറ്റായ ഇന്ത്യയിലെ ടെലഗ്രാം ഇൻസ്റ്റാളുകളുടെ എണ്ണം ഏകദേശം 22% ആണെന്ന് സെൻസർ ടവർ റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊട്ടുപിന്നിൽ റഷ്യയും ഇന്തോനേഷ്യയും ഉണ്ട്. ഇത് യഥാക്രമം 10%, 8% എന്നിങ്ങനെയാണ്. ആപ്പിന്റെ ഇൻസ്റ്റാളുകൾ 2021ൽ കുത്തനെ ഉയർന്നു. 2021ന്റെ ആദ്യ പകുതിയിൽ ഏകദേശം 214.7 മില്യൺ ആയിരുന്നു ഇൻസ്റ്റാളുകളുടെ എണ്ണം.

എന്നാൽ ഇൻസ്റ്റാളുകളുടെ എണ്ണം ആപ്പിന്റെ സജീവമായ ഉപയോക്തൃ അടിത്തറയ്ക്ക് തുല്യമല്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ടെലിഗ്രാമിന് ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രതിമാസം 500 മില്യൺ സജീവ ഉപയോക്താക്കളാണുണ്ടായിരുന്നത്. വാട്ട്‌സ്‌ആപ്പിന്റെ സ്വകാര്യതാ നയങ്ങളും അത് സംബന്ധിച്ച പ്രശ്നങ്ങളും ടെലഗ്രാം ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. എന്തായാലും ടെലഗ്രാമിന് സമീപകാല പാദങ്ങളിൽ കൂടുതൽ ജനശ്രദ്ധ ലഭിച്ചുവെന്ന് വേണം കരുതാൻ.

ഈ വർഷം ആദ്യം ഒരു ബില്യൺ ഡോളറിലധികം സമാഹരിച്ച ടെലഗ്രാം, ലോകമെമ്ബാടുമുള്ള 1 ബില്യൺ ഡൗൺലോ‍ഡ് നേടിയ പതിനഞ്ചാമത്തെ ആപ്പാണ്. സെൻസർ ടവർ റിപ്പോ‍ർട്ട് അനുസരിച്ച്‌ വാട്ട്‌സ്‌ആപ്പ്, മെസഞ്ചർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, സ്‌പോട്ടിഫൈ, നെറ്റ്ഫ്ലിക്സ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് ആപ്പുകൾ.

ഈ വ‍‍ർഷം ആദ്യം സ്വകാര്യതാ നയം മാറ്റിയതാണ് ഉപയോക്താക്കൾക്കിടയിൽ ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പിനെ അപ്രിയമാക്കിയത്. ഉപയോക്താക്കൾക്കിടയിൽ നടത്തിയ ഒരു സ‍ർവ്വേ റിപ്പോ‌‍ർട്ട് പ്രകാരം 51 ശതമാനം ഉപഭോക്താക്കളും വാട്സാപ്പ് ഉപയോഗം കുറച്ച്‌ ടെലഗ്രാം, സിഗ്നൽ അതുപോലെ മറ്റു ഉപായങ്ങൾ തേടിയിരിക്കുകയാണ്. ടെലഗ്രാമാണ് പുതിയ വാട്സാപ്പ് വിവാദത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ആപ്പ്. സർവ്വേയിൽ പങ്കെടുത്ത 41 ശമതാനം ആളുകളും ടെലഗ്രാം തെരഞ്ഞെടുത്തപ്പോൾ 35 ശതമാനം പേർ സിഗ്നൽ ആണ് താൽപര്യപ്പെട്ടത്.

ഇപ്പോൾ വാട്സാപ്പിന് പകരക്കാരൻ എന്ന നിലയിൽ സിഗ്നൽ ആപ്പ് ജനപ്രിയമാകുന്നുണ്ട്. വാട്സാപ്പിന് പകരം സിഗ്നൽ ഉപയോഗിക്കാമെന്ന, ലോകത്തെ ഏറ്റവും വലിയ സമ്ബന്നൻ ഇലോൺ മസ്‌കിന്റെ ആഹ്വാനം പുറത്തു വന്നതിനു പിന്നാലെ സിഗ്നൽ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയർന്നിരുന്നു. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസഞ്ചർ എൽഎൽസി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പാണ് സിഗ്നൽ. 2014 ൽ പ്രവർത്തനം ആരംഭിച്ച സിഗ്നലിനും നിരവധി ഉപയോക്താക്കളുണ്ട്.