അഫ്‌ഗാൻ പൗരന്മാരുടെ പഴയ വിസകൾ ഇന്ത്യ റദ്ധാക്കി

0
73

അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ പൗരന്‍മാരുടെ ഇന്ത്യന്‍ വിസയുള്ള പാസ്പോര്‍ട്ടുകള്‍ ഭീകരര്‍ മോഷ്ടിച്ചെന്ന സൂചനയുടെ സാഹചര്യത്തിലാണ് പഴയ വിസകള്‍ റദ്ദാക്കിയത്. അതേസമയം, അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവര്‍ക്കും രണ്ടാഴ്ച നിരീക്ഷണം നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. താലിബാനോടുള്ള ഇന്ത്യന്‍ നിലപാട് വ്യക്തമാക്കണമെന്ന് ഇന്നത്തെ സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടും.

അതേസമയം അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യക്ക് നേരെ ഭീകരവാദപ്രവര്‍ത്തനങ്ങളുണ്ടായാല്‍ താലിബാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്താനില്‍നിന്ന് എന്തെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനം ഉണ്ടാവുകയും അത് ഇന്ത്യയിലേക്ക് എത്തുകയുമാണെങ്കില്‍, രാജ്യത്ത് തീവ്രവാദത്തെ എങ്ങനെയാണോ നേരിടുന്നത് അതേ രീതിയില്‍ അത് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.