കണ്ണൂരിൽ അറസ്റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമെന്ന് എൻഐഎ

0
86

ഇന്ത്യയിൽ ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങൾ വഴി ആശയപ്രചാരണം നടത്തിയെന്ന കേസിൽ കണ്ണൂരിൽ രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി എൻഐഎ. പിടിയിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ പറയുന്നു.

കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയിൽ ഇറാനിലെ ടെഹ്റാൻ വരെ എത്തിയെന്നാണ് എൻഐഎ പറയുന്നത്. മുഷാബ് അൻവർ, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലിലുള്ള കൂട്ടാളികൾക്ക് ഐഎസ് പ്രവർത്തനങ്ങൾക്ക് പണം അയച്ചു നൽകി. കശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എൻഐഎ പറയുന്നു.

ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്കായി കശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നതായി എൻഐഎ എഫ്ആആറിൽ പറയുന്നുണ്ട്. ദില്ലിയിൽ നിന്നെത്തിയ എൻഐഎ സംഘം ഇന്ന് അതിരാവിലെ രഹസ്യമായാണ് കണ്ണൂർ താണയിലെ വീട്ടിൽ നിന്നും ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ ട്രാൻസിറ്റ് കസ്റ്റഡിയിൽ വാങ്ങി.

ഏഴു മലയാളികൾ ഇൻസ്റ്റാഗ്രാം , ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ഐഎസ് ആശയപ്രചരണം നടത്തിയെന്നാണ് യുഎപിഎ പ്രകാരമുള്ള കേസ്. കഴിഞ്ഞ മാർച്ച് 15ന് കണ്ണൂർ, ബംഗളൂരു, ദില്ലി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളിൽ എൻഐഎ റെയിഡ് നടത്തിയിരുന്നു. നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന. തുടർന്ന് മാർച്ചിൽ തന്നെ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൂടുതൽ വിവര ശേഖരണം നടത്തിയാണ് എൻഐഎ യുവതികളുടെ അറസ്റ്റിലേക്ക് നീങ്ങിയത്.