ഇരിങ്ങാലക്കുട ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; ഭാര്യ അറസ്റ്റിൽ

0
106

ഇരിങ്ങാലക്കുട കരൂപ്പടന്നയിൽ ഗൃഹനാഥനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി (65) ആണ് മരിച്ചത്. ഭാര്യ സുഹറ (56)യെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് വെള്ളാങ്ങല്ലൂർ പാലിയേറ്റീവ് കെയർ ട്രഷറർ കൂടിയായ അലിയെ തലയ്ക്കടിയേറ്റും വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റും കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാത്ത്‌റൂമിൽ തലയടിച്ചു വീണ്‌ പരിക്കേറ്റാണ് അലി മരിച്ചതെന്നായിരുന്നു ഭാര്യ സുഹറ ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാൽ റൂറൽ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്തെത്തി ഭാര്യയടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. അലിയുടെ ഖബറടക്കം കഴിഞ്ഞ പിറ്റേന്ന് പൊലീസ് ഭാര്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യമായ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിനൊടുവിൽ സുഹറ കുറ്റം സമ്മതിച്ചു.

സംഭവദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയിൽനിന്നു കൊണ്ടുവന്ന മരവടി പിടിച്ചുവാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നും സുഹറ പൊലീസിനോടു പറഞ്ഞു. അടികൊണ്ടു വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നുള്ള ഭയംകൊണ്ട് വീണ്ടും വീണ്ടും അടിച്ചെന്നും സുഹറ പൊലീസിന്‌ മൊഴി നൽകി. കൃത്യം നടത്തിയ ശേഷം പുലർച്ചെ ചവർകൂനയ്ക്കിടയിൽ ഒളിപ്പിച്ച കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി തെളിവെടുപ്പിനിടെ സുഹറ പൊലീസിന് കാണിച്ചുകൊടുത്തു.