ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണമാല കാണാനില്ല

0
77

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ല. ക്ഷേത്രത്തിൽ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർ അന്വേഷണം ആരംഭിച്ചു.

ഭഗവാന്റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്നതാണ് കാണാതായ രുദ്രാക്ഷമാല. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നൽകിയത്. വലിയ രുദ്രാക്ഷമണികളിൽ സ്വർണംകെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാർത്തിയിരുന്നത്. മാലയുടെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരമില്ല.

അടുത്ത ദിവസം ക്ഷേത്രത്തിൽ എത്തി തെളിവുകൾ ശേഖരിക്കുമെന്ന് കമ്മീഷണർ എസ്. അജിത് കുമാറും മാല നഷ്ടപ്പെട്ടതു സംബന്ധിച്ച് റിപ്പോർട്ട് തേടിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവും പറഞ്ഞു.

ക്ഷേത്രത്തിലെ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് കഴിഞ്ഞ മാസമാണ് ചുമതലയേറ്റത്. ചുമതലയേറ്റ ഉടൻ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാധന സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്ന് മേൽശാന്തി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. എന്നാൽ കണക്കിൽ പെടാത്ത മറ്റൊരു മാലയും കണ്ടെത്തി.

ദേവസ്വം വിജിലൻസിനും ഇതു സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. വിവരം അറിഞ്ഞ് ദേവസ്വം വിജിലൻസ് പ്രാഥമിക പരിശോധന നടത്തി. തിരുവാഭരണം നഷ്ടപ്പെട്ടതിനാൽ അന്വേഷണത്തിൻ്റെ ചുമതല തിരുവാഭരണ കമ്മീഷണർ എസ് അജിത്കുമാറിനാണ്.