‘സിപിഐഎം’ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ “കുരു” പൊട്ടുന്നതാർക്ക് ?

0
58

ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഈ ആഗസ്റ്റ് -15നു തുടക്കം കുറിക്കാനുള്ള ‘സിപിഐഎം’  കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ആഹ്വാനം വന്നത് മുതൽ ചിലർക്ക് അസ്വസ്ഥതയുടെ “കുരു പൊട്ടാൻ” തുടങ്ങിയിരിക്കുന്നു. ഒന്നര നൂറ്റാണ്ടിലധികം കാലം തലമുറകളിലൂടെ ഉജ്വലമായി തുടർന്ന ഇതിഹാസ തുല്യമായ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഓർത്തെടുക്കാനും, പുതു തലമുറക്ക് അതിന്റെ ഊഷ്മളത പകർന്നു നൽകാനുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രചരണങ്ങൾക്കാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ തുടക്കം കുറിക്കുന്നത്.

രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള അന്നത്തെ ഇന്ത്യൻ ജനതയുടെ ഐതിഹാസിക പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും, അതിന്റെ നേതാക്കളുടെയും സമാനതകളില്ലാത്തതും, അടിമുടി സാഹസികത നിറഞ്ഞതുമായ പോരാട്ടങ്ങളുടെ ചോരതുടിക്കുന്ന അധ്യായങ്ങൾ പുതിയ തലമുറയെ ഓർമ്മിപ്പിക്കലും ഈ സംരംഭത്തിന്റെ ലക്ഷ്യമാണ്.

എന്നാൽ ഈ തീരുമാനം പുറത്തു വന്നത് മുതൽ ചിലർക്ക് “കുരു” പൊട്ടാൻ തുടങ്ങിയിരിക്കുന്നു. ഒരു ഘട്ടത്തിലും ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തിൽ അണിനിരക്കാതെ കരുതലോടെ മാറിനിന്ന്, “സാമ്രാജ്യത്വ ഭരണാധികാരികൾക്കെതിരെ വെറുതെ സമരം ചെയ്തു കളയാനുള്ളതല്ല നമ്മുടെ ഊർജ്ജം ; അത് കമ്മ്യൂണിസ്റ്റുകാരും, ഇസ്‌ലാമും, ക്രിസ്ത്യാനിറ്റിയും ഇല്ലാത്ത യഥാർത്ഥ “ബ്രാഹ്മണിക്കൽ സമാജ” നിർമിതിക്കായി കരുതി വയ്ക്കാനുള്ളതാണ്” എന്ന് ആഹ്വാനം ചെയ്യുകയും, ഒളിഞ്ഞിരുന്നു ബ്രിട്ടീഷ് ഭരണത്തിന് “പാദ സേവ” നടത്തുകയും ചെയ്തവർക്കും; സ്വാതന്ത്ര്യാനന്തരം ദീർഘകാലം അധികാരത്തിലിരുന്ന് സ്വാതന്ത്ര്യ സമരത്തിന്റെ “മഹിത മൂല്യ”ങ്ങളെല്ലാം തിരസ്ക്കരിച്ചു, “ആധുനിക സാമ്പത്തിക സാമ്രാജ്യത്വത്തിന്” രാഷ്ട്രത്തെ “തർപ്പണം” ചെയ്തവർക്കും ഇക്കാര്യത്തിൽ ഒരേ സ്വരമാണെന്നത് അത്ര യാദൃച്ഛികമൊന്നുമല്ല.

നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തിന് വൈവിധ്യമാർന്ന കൈവഴികൾ ഉണ്ടായിരുന്നു. ബംഗാൾ വിപ്ലവകാരികളും, ഖദ്ദർ പാർട്ടി വീരന്മാരും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റ് പാർട്ടിയും, കർഷകരും, തൊഴിലാളികളും, യുവാക്കളും, വിദ്യാർത്ഥികളും, സ്ത്രീകളും നാനാ ജാതി-മത വിശ്വാസികളും എല്ലാം അണിനിരന്നതായിരുന്നു സമാനതകളില്ലാത്ത ത്യാഗങ്ങൾ സഹിച്ചുള്ള ഈ ഐതിഹാസിക ജനമുന്നേറ്റം.

ഉപ ഭൂഖണ്ഡത്തിലെ മുഴുവൻ ജാതി – മതസ്ഥരും, എല്ലാ ഭാഷക്കാരും, എല്ലാ വേഷക്കാരും, സാംസ്കാരിക വൈജാത്യങ്ങൾക്കതീതമായി ആദ്യമായി ഒരുമിച്ചു ചേർന്നതും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലായിരുന്നു. അതിലൂടെ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല; ഇന്ത്യയെന്ന രാഷ്ട്ര സങ്കൽപ്പത്തിലേക്ക് ഉപഭൂഖണ്ഡം സ്വയം ഉയരുകയായിരുന്നു. മാനവ ചരിത്രത്തിൽ “നവോത്ഥാനം” എന്ന തിളക്കമാർന്ന സാമൂഹ്യ ഘട്ടമാണ് ആത്മാഭിമാനം, സ്വാതന്ത്ര്യം, ജനാധിപത്യ രാഷ്ട്ര വ്യവസ്ഥ തുടങ്ങിയ സങ്കല്പങ്ങൾ മനുഷ്യരാശിക്ക് നൽകിയത്.

രണ്ടാം ലോക യുദ്ധത്തിലെ ഹിറ്റ്ലർ – മുസോളിനി – ടോജോ അച്ചുതണ്ടു സഖ്യത്തിന്റെ നിശിത പരാജയം ലോകത്താകെ കോളനി വാഴ്ചകൾക്ക് പൊതുവിൽ അന്ത്യം കുറിച്ചു. ലോകമാകെ ദേശ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യ സമരങ്ങൾ വിജയങ്ങളിലേക്ക് കുതിച്ചു. ഈ ലോക രാഷ്ട്രീയ സാഹചര്യമൊരുക്കുന്നതിൽ പഴയ സോവിയറ്റ് യൂണിയന്റെ പങ്ക് ആർക്ക് നിഷേധിക്കാനാവും ?

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒഴിവാക്കി സ്വാതന്ത്ര്യ സമരത്തിനൊരു ചരിത്രമുണ്ടോ? പെഷവാർ, മീററ്റ്, കാൺപൂർ ഗൂഡാലോചനക്കേസ്സുകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുളയിൽ തന്നെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് ഭരണം ചുമത്തിയ കള്ളക്കേസ് ആയിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന്റെ ഭരണം അട്ടിമറിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നിയമവിരുദ്ധമായി ഗൂഡാലോചന നടത്തി എന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായ ഈ കള്ളക്കേസുകൾ. ഇന്നും ഈ കള്ളക്കേസുകൾ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നിട്ട കനൽ വഴികളിലെ ത്യാഗങ്ങളുടെ സൗരഭ്യ ചിഹ്നങ്ങളായി അഭിമാനം കൊള്ളുകയാണ്.

പുന്നപ്ര – വയലാറും, കയ്യൂരും, തലശ്ശേരിയും, മൊറാഴയും ഒഴിവായി കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിനൊരു ഭൂമികയുണ്ടോ ? സഖാക്കൾ പി.കൃഷ്ണപിള്ളയും, ഇ.എം.എസ്സും, എ.കെ.ജിയും, ഇ.കെ.നായനാരും, കെ.പി.ആർ.ഗോപാലനും, ടി.വി.തോമസും, അച്യുതമേനോനും, എം.എൻ.ഗോവിന്ദൻ നായരും, ഇല്ലാതെ കേരളത്തിൽ സ്വാതന്ത്ര്യ സമരനായകരുടെ പട്ടിക തയ്യാറാക്കാൻ ഏത് ചരിത്രകാരന് സാധിക്കും ? രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി കേരളത്തിൽ ഏറ്റവും ത്യാഗം അനുഭവിച്ച രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.

പുന്നപ്ര വയലാറിലെ രക്തസാക്ഷികളെയും, കണ്ണൂർ സെൻട്രൽ ജയിലിൽ ബ്രിട്ടീഷ് ഭരണം തൂക്കിലേറ്റിയ കയ്യൂർ സഖാക്കളെയും, തലശ്ശേരിയിൽ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്ന സഖാക്കൾ അബുവിനേയും, ചാത്തുകുട്ടിയേയും ഓർക്കാതെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ രക്തസാക്ഷികൾക്ക് പട്ടിക തയ്യാറാക്കാൻ പറ്റുമോ ? കൊലമരത്തിൽ നിന്നിറങ്ങി വന്ന സ.കെ.പി ആറും, വെല്ലൂർ സെൻട്രൽ ജയിലിന്റെ മതിൽ തകർത്ത് പുറത്തിറങ്ങി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച സ.എ.കെ.ജി യും ആധുനിക സമൂഹത്തിലെ പുതു തലമുറക്ക് സാഹസികതയുടെ അവിശ്വസനീയ ബിംബങ്ങളായി തുടരും.

ഈ ചരിത്രങ്ങൾ പുതു തലമുറക്ക് പകർന്നു നൽകാനും, സ്വാതന്ത്ര്യ സമരത്തിന്റെ തീകുണ്ഡത്തിൽ നിന്ന് സ്പുടം ചെയ്തു വന്ന “മത നിരപേക്ഷ രാഷ്ട്ര സങ്കൽപ്പ”ത്തിന്റെ ചരിത്ര സാധുതയും, സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കാളിത്തവുമില്ലാത്തവരുടെ “കപട ദേശ സ്നേഹ തട്ടിപ്പു”കളുടെ പിന്നാമ്പുറ കഥകളും സമകാലിക സമൂഹത്തിൽ സജീവമായി ചർച്ച ചെയ്യണം. അത് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ സന്ദർഭത്തിൽ തന്നെയാണ് വേണ്ടത്. അതിനു ചിലർക്ക് ചൊറിച്ചിൽ ഉണ്ടാവുന്നത്  എന്തിനാണ് ?