ചെറുപ്പുളശ്ശേരി ബാങ്ക് തട്ടിപ്പ് ആർ എസ് എസ് നേതാവ് അറസ്റ്റിൽ

0
25

ചെറുപ്പുളശ്ശേരി ഹിന്ദു ഡെവലപ്മെന്റ് ബാങ്ക് നിധി തട്ടിപ്പിൽ ആർ എസ് എസ് നേതാവ് അറസ്റ്റിൽ. എച്ച്ഡിബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. അറസ്റ്റിലായ സുരേഷ് കൃഷ്ണയെ റിമാൻഡ് ചെയ്തു.ഒളിവിലായിരുന്ന സുരേഷ് കൃഷ്ണയെ ഇന്നലെ ബിജെപി പ്രവർത്തകർ പിന്തുടർന്ന് പിടികൂടിയിരുന്നു. തുടർന്നാണ് ഏഴ് പേര് കബളിപ്പിക്കപ്പെട്ട എന്ന പരാതിയിൽ ചെറുപ്പുളശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത റിമാന്റിലാക്കിയത്.

ബാങ്ക് തട്ടിപ്പിൽ ലക്ഷങ്ങളുടെ നിക്ഷേപമാണ് ആർ എസ് എസ് ബിജെപി നേതാക്കൾ ഉൾപ്പെടുന്ന ബോർഡ് തട്ടിയത്. എന്നാൽ ബോർഡ് അംഗങ്ങൾക്ക് തട്ടിപ്പിൽ പങ്കില്ലെന്നും സുരേഷ് കൃഷ്ണയാണ് തിരിമറി നടത്തിയതെന്നുമാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

ആർഎസ്എസ് മുൻ ജില്ലാ ജാഗരൺ പ്രമുഖും സംഘപരിവാറിന്റെ സാമൂഹിക മാധ്യമ ചുമതലക്കാരനുമായിരുന്നു എച്ച്ഡിബി നിധി ചെയർമാൻ സുരേഷ് കൃഷ്ണ. നിക്ഷേപങ്ങളുടെ പേരിൽ 97 ലക്ഷം രൂപ സ്വരൂപിച്ചെന്നും ബാങ്കിന് വേണ്ടി വാങ്ങിയ വാഹനങ്ങൾ ചെയർമാൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തെന്നും ആരോപണം ഉയർന്നിരുന്നു.

ഹിന്ദുമത വിശ്വാസികളുടെ ഉന്നമനത്തിനു വേണ്ടി ലാഭം വിനിയോഗിക്കപ്പെടും എന്ന വാഗ്ദാനത്തോടെയാണ് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങുകയും നിരവധി പേരിൽ നിന്നായി നിക്ഷേപം സ്വീകരിക്കുകയും ചെയ്തത്.

നിക്ഷേപം ലഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ നിധിയുടെ പ്രവർത്തനം നിലച്ചു. നിക്ഷേപകർ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. എച്ച് ഡി ബി നിധി തട്ടിപ്പിൽ വിശദമായ അന്വേഷണം നടത്തുമെന്നും, കുറ്റക്കാർക്കെതിരെ നിയമനടപടി തുടരുമെന്നും പോലീസ് വ്യക്തമാക്കി.