വെർച്വൽ ട്രൈബൽ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ ഉടൻ : മുഖ്യമന്ത്രി

0
95

 

പട്ടികവർഗക്കാരായ അഭ്യസ്‌തവിദ്യർക്ക്‌ തൊഴിൽ ഉറപ്പാക്കാൻ വെർച്വൽ ട്രൈബൽ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ ആരംഭിക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ഭാഗമായി പട്ടികവർഗ വികസന വകുപ്പ്‌ സംഘടിപ്പിക്കുന്ന ഗോത്രാരോഗ്യ വാരാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തൊഴിൽ പഠനത്തിനും നൈപുണ്യ വികസനത്തിനുമുള്ള പദ്ധതികൾ സർക്കാർ നേരത്തെ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 2646 പേർക്ക്‌ രാജ്യത്തിനകത്തും 22 പേർക്ക്‌ വിദേശത്തും തൊഴിൽ നേടാനായി. ആദിവാസി കുടുംബത്തിലെ രൊൾക്കെങ്കിലും ജോലി ഉറപ്പാക്കും. ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ കാലത്ത്‌ പട്ടികവർഗക്കാരായ കുട്ടികളെ പ്രത്യേകമായി കണ്ട്‌ അവർക്ക്‌ ഇന്റർനെറ്റ്‌ കണക്ടിവിറ്റി, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കും.

കൂടുതൽ മെന്റർ ടീച്ചർമാരെ നിയമിക്കും. ആദിവാസി വിഭാഗങ്ങളുടെ ഭാഷ, ലിപി, ചരിത്രം എന്നിവ രേഖപ്പെടുത്തി സംരക്ഷിക്കാനുള്ള പദ്ധതിയും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടിക ജാതി–-വർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണൻ അധ്യക്ഷനായി. ആദിവാസി വിഭാഗങ്ങളെ എല്ലാ രംഗത്തും ഉന്നതിയിലേക്ക്‌ ഉയർത്തുകയാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു.