ഞായറാഴ്‌ചത്തെ സമ്പൂർണ ലോക്ക്ഡൗണോടെ തൽക്കാലത്തേക്ക് ഇനി അടച്ചിടലില്ല. മൂന്നാഴ്‌ച തുടർച്ചയായി കേരളം തുറന്നിടും. ഓണവിപണികൾ തിങ്കളാഴ്‌ചമുതൽ സജീവമാകും. വെള്ളിയാഴ്‌ചയാണ് അത്തം.
കൂടുതൽ കടകളും സ്ഥാപനങ്ങളും തുറക്കാനും ശനിയാഴ്‌ചകളിലെ സമ്പൂർണ ലോക്‌ഡൗൺ ഒഴിവാക്കാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഞായറാഴ്‌ചകളിൽ സമ്പൂർണ ലോക്‌ഡൗണുണ്ടെങ്കിലും സ്വാതന്ത്ര്യദിനമായതിനാൽ ആഗസ്ത് 15നും ഓണമായതിനാൽ 22നും ഒഴിവാക്കി. പൂക്കച്ചവടം സജീവമാകുമെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരികൾ പറഞ്ഞു. നിയന്ത്രണം ശക്തമായി തുടരുന്നുണ്ടെങ്കിലും ആളുകളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാണിക്കുന്നതിനും വ്യാപാരികൾ എതിരാണ്. മാനദണ്ഡം പാലിച്ച് ബുധനാഴ്‌ചമുതൽ മാളുകളും തുറക്കും.
അതേസമയം, കോവിഡ്‌ബാധിത കേന്ദ്രങ്ങളിൽ റാപ്പിഡ് റസ്‌പോൺസ് ടീം (ആർആർടി) ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം കർശനമാക്കാൻ സർക്കാർ കലക്ടർമാർക്ക് നിർദേശം നൽകി. വ്യാപാര കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസും വ്യാപാരികളും നടപടികളെടുത്തിട്ടുണ്ട്. റസ്‌റ്റോറന്റുകളിൽ എസി ഉപയോഗിക്കാതെ ഭക്ഷണം കഴിക്കാനുള്ള അനുമതിയും താമസിയാതെ നൽകിയേക്കും.