ജനകീയാസൂത്രണ രജതജൂബിലി: സ്ത്രീത്വത്തിന്റെ കൂടി ആഘോഷമെന്ന് മന്ത്രി

0
81

 

ജനകീയാസൂത്രണം രജതജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആഗസ്റ്റ് 17ന് സംഘടിപ്പിക്കുന്ന രജതജൂബിലി ഉദ്ഘാടന പരിപാടികളിൽ സ്ത്രീപങ്കാളിത്തം ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ നിർദ്ദേശിച്ചു.

ജനപ്രതിനിധികളായവരെയും ഉദ്യോഗസ്ഥ തലങ്ങളിലുള്ളവരെയും കാർഷിക, പരമ്പരാഗത മേഖലകളിൽ കഴിവ് തെളിയിച്ച വനിതകൾ, കലാകാരികൾ, സാഹിത്യകാരികൾ, അധ്യാപികമാർ, അംഗനവാടി, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യമേഖലയിലും ശുചീകരണ മേഖലയിലും പ്രവർത്തിക്കുന്ന സ്ത്രീകൾ, ആശാവർക്കർമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള സ്ത്രീകളുടെ ആഘോഷം കൂടിയായി ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തെ മാറ്റും. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ 23 വർഷം തികയുന്ന സന്ദർഭം കൂടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി.

അധികാര വികേന്ദ്രീകരണ പ്രക്രിയ മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന സമൂഹത്തിൽ സ്ത്രീശാക്തീകരണവും തുല്യതയും നടപ്പിലാകും. അതുകൊണ്ട് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നാൾവഴികൾ സ്ത്രീ പദവി ഉയർത്തിയ കാലഘട്ടം കൂടിയാണെന്ന് മന്ത്രി അറിയിച്ചു.