സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ സി കെ ജാനുവിന്റെ വീട്ടില്‍ നിന്നും മൊബൈൽഫോണുകളും സി കെ ജാനുവിന്റെ അഞ്ച് സിമ്മും പിടിച്ചെടുത്തു. ആറ് മണിക്കൂറിലേറെ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ പണമിടപാട് രേഖകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
ക്രൈംബ്രാഞ്ച് സംഘം രാവിലെ ഏഴരയ്ക്കാണ് മാനന്തവാടി തൃശ്ശിലേരിയിലെ ജാനുവിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. അതിനിടെ, കേസില്‍ ദക്ഷിണേന്ത്യയിലെ ചുമതലക്കാരനായ പ്രമുഖ ആര്‍എസ്‌എസ് നേതാവും ബിജെപി സംഘടനാ സെക്രട്ടറിയുമായ എം ഗണേശനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. ഫോണ്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് ഗണേശന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലും പ്രതിപ്പട്ടികയിലുണ്ട്. തെളിവുകള്‍ നശിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസ്.
ജാനുവിന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്തെ സ്വകാര്യഹോട്ടലില്‍ വച്ച് പത്ത് ലക്ഷം രൂപ പണമായി നല്‍കിയെന്നാണ് പ്രസീതയുടെ മൊഴി. കേസില്‍ കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. ഇക്കഴിഞ്ഞ ജൂണ്‍ 17 നാണ് കോടതിയുടെ നിര്‍ദേശപ്രകാരം സുരേന്ദ്രനും ജാനുവിനുമെതിരേ ബത്തേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബിജെപിയില്‍നിന്ന് പണം കൈപ്പറ്റിയ ശേഷമുള്ള ജാനുവിന്റെ സാമ്പത്തിക വിനിയോഗത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, സംസ്ഥാന കോ- ഓഡിനേറ്റര്‍ ബിജു അയ്യപ്പന്‍ തുടങ്ങിയവരാണ് കേസിലെ പ്രധാന സാക്ഷികള്‍.