കേരളത്തിൽ ഇന്നും ശക്തമായ മഴ, ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
31

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ഓഗസ്റ്റ് 8 ന് രാത്രി 11.30 വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

ഞായറാഴ്‌ചയും ചൊവ്വാഴ്ചയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കാസർകോട്, ജില്ലകളിൽ മഞ്ഞ (ശക്തമായ മഴ) മുന്നറിയിപ്പുണ്ട്‌. ബുധനാഴ്‌ച ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച്‌ (അതിശക്തമായ മഴ) മുന്നറിയിപ്പും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നിവിടങ്ങളിൽ മഞ്ഞ അറിയിപ്പും പ്രഖ്യാപിച്ചു.

താഴ്ന്ന പ്രദേശങ്ങളിലും, നദീ തീരങ്ങളിലും, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരത്തിനും നിയന്ത്രണമുണ്ട്.