Family against dowry
സ്ത്രീധനം എന്ന സാമൂഹികതിന്മയ്‌ക്കെതിരേ കേരളത്തിലെ കുടുംബങ്ങളോടൊത്ത് വനിതാ കമ്മിഷൻ അണിനിരക്കുന്നു. സകുടുംബം സ്ത്രീധനത്തിനെതിരേ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ട കാംപെയ്ൻ ഈ മാസം 15-ന് ആരംഭിക്കും. നാല് മാസം നീളുന്ന ഓൺലൈൻ കാംപെയ്ൻ സ്ത്രീധനവിരുദ്ധ ദിനമായ നവംബർ 26-ന് സമാപിക്കും.
കുടുംബാംഗങ്ങൾ ഒന്നിച്ച് ഓൺലൈനായി പങ്കെടുത്ത് സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും തുടർന്ന് സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചുള്ള ക്ലാസ്സിൽ പങ്കാളികളാകുകയും സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട അവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നതരത്തിലാണ് കാംപെയ്ൻ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഓരോ ജില്ലയിലും പരമാവധി കുടുംബങ്ങളെ പങ്കെടുപ്പിച്ചായിരിക്കും കാംപെയ്ൻ സംഘടിപ്പിക്കുക. മന്ത്രിമാർ, ജനപ്രതിനിധികൾ, കലാകായിക താരങ്ങൾ ഉൾപ്പെടെയുള്ള വിശിഷ്ടവ്യക്തികളും കാംപെയ്‌ന്റെ ഭാഗമാകും.
കാംപെയ്ൻ ലോഗോയുടെ പ്രകാശനം വനിതാ കമ്മിഷൻ ആസ്ഥാനത്ത് കമ്മിഷൻ അംഗങ്ങളായ അഡ്വ.എം.എസ്.താര, അഡ്വ.ഷിജി ശിവജി, ഇ.എം.രാധ, ഷാഹിദ കമാൽ എന്നിവർ ചേർന്ന് നിർവഹിച്ചു. കമ്മിഷൻ മെമ്പർ സെക്രട്ടറി പി.ഉഷാറാണി, ഡയറക്ടർ വി.യു.കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
ഒന്നാം ഘട്ടത്തിൽ എൻഡ് ഡൗറി എന്ന പേരിൽ പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയയിലൂടെയും നടത്തിയ പ്രചാരണം ശ്രദ്ധേയമായിരുന്നു.